ശബ്ദത്തിന്റെ ആരോഗ്യം ചില്ലറ കളിയല്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Updated: തിങ്കള്‍, 17 ഏപ്രില്‍ 2023 (15:00 IST)

ഡോ.രാഗിത ബിനു കൃഷ്ണന്‍
കണ്‍സള്‍ട്ടന്റ്
ഡിപ്പാര്‍ട്‌മെന്റ് ഓഫ് ലാറിങ്കോളജി
കിംസ്‌ഹെല്‍ത്ത്, തിരുവനന്തപുരം

മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ഒരു കഥ നമുക്കെല്ലാവര്‍ക്കും തന്നെ ഉണ്ടാകും. ടെഡ് ടോക്കുകളുടെയും പോഡ്കാസ്റ്റുകളുടെയും മോട്ടിവേഷന്‍ പ്രഭാഷണങ്ങളുടെയും സ്റ്റാന്‍ഡ് അപ്പ് കോമഡിയുടെയുമൊക്കെ ഈ കലഘട്ടത്തില്‍ എന്നാല്‍, ശബ്ദത്തിന്റെ പ്രാധാന്യം അങ്ങനെ ചര്‍ച്ചയായകുന്നില്ല.

നിരവധി ബീറ്റ്‌ബോക്‌സര്‍ കലാകാരന്മാരും അകാപെല്ലാ ഗായകരും അവരുടെ തൊണ്ടയെ കഠിനമായി പണിയെടുപ്പിക്കുകയാണ്. നമ്മുടെ മൊത്തത്തിലുള്ള ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ശബ്ദത്തിന്റെയും ആരോഗ്യമെന്നത് (വോക്കല്‍ ഹെല്‍ത്ത്) തിരച്ചറിയേണ്ട ആവശ്യം ഈ കാലഘട്ടത്തിന്റേതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകം ഏറ്റവും ദുഷ്‌കരമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍, ആളുകള്‍ക്ക് വിഷാദരോഗത്തിനെതിരെ പോരാടാനും സുബോധത്തോടെയായിരിക്കാനുമുള്ള ഒരു മാര്‍ഗം തങ്ങളുടെ ചുറ്റുമുള്ളവരോട് സംസാരിക്കുക എന്നതാണ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ഈ കാലഘട്ടത്തില്‍ ശബ്ദം അതിജീവനത്തിന്റെ ഏറ്റവും വലിയ ഉപകരണമായും മാറിയിരിക്കുന്നു. ഈ വര്‍ഷത്തെ ശബ്ദ ദിനത്തിന്റെ മുദ്രാവാക്യം തന്നെ ''ഒരു ലോകം, പല ശബ്ദം'' എന്നതാണ്. ഓരോ ശബ്ദവും നിലവിലെ സാഹചര്യത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നു. ശബ്ദത്തിന് ആളുകളില്‍ എന്ത് സ്വാധീനമാണ് ചെലുത്താന്‍ സാധിക്കുകയെന്ന് മലാല യൂസഫ്സായി, ക്രിസ് ഗാര്‍ഡനര്‍, റോബിന്‍ ശര്‍മ്മ എന്നിവരെല്ലാം വീണ്ടും വീണ്ടും തെളിയിക്കുന്നു. മലാല തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ''ലോകം മുഴുവന്‍ നിശബ്ദമാകുമ്പോള്‍, ഒരു ശബ്ദം പോലും ശക്തമാകും.'' സ്വന്തം ശബ്ദത്തിന്റെ കരുത്ത് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്കുകള്‍.

''ലോകത്തില്‍ ഒരു ചലനമുണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എഴുന്നേറ്റ് നിന്ന് കാര്യം പറയുകയെന്ന സ്ഥിതിയുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കാരണം വാക്കും അഭിനിവേശവും ലോകമെമ്പാടും ഇപ്പോള്‍ അതിവേഗം പടര്‍ന്നു പിടിക്കും.'' ശബ്ദത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞുകൊണ്ട് ക്രിസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ വാക്കുകളാണിത്. മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ശബ്ദങ്ങളുടെ ശക്തിയെ തടസ്സപ്പെടുത്താന്‍ യാതൊന്നിനും കഴിയില്ലെന്ന് ബരാക് ഒബാമയും പറയുന്നു. അതുകൊണ്ട് തന്നെ ശബ്ദത്തിന്റെ ശക്തി വാക്കുകളില്‍ ഊന്നി പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒരു വോയ്സ് ക്ലിനിഷ്യന്‍ എന്ന നിലയില്‍ എല്ലാവരുടെയും സ്വര ആരോഗ്യം ഉറപ്പാക്കുക എന്നതാണ് എന്റെ കടമ.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും എളുപ്പത്തില്‍ ശബ്ദത്തിന്റെ ആരോഗ്യത്തിലൂടെ സാധിക്കും

ശബ്ദം മികച്ചതാക്കാന്‍ ചില വഴികള്‍

ഭക്ഷണത്തില്‍ ധാരാളം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഈ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ എ, ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തൊണ്ടയിലെ മ്യൂക്കസ് മെംബറേന്‍ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

വ്യായാമം സ്റ്റാമിനയും മസില്‍ ടോണും വര്‍ദ്ധിപ്പിക്കുന്നു. ശരിയായ സംസാരത്തിന് ആവശ്യമായ നല്ല ഭാവവും ശ്വസനവും നല്‍കാന്‍ ഇത് സഹായിക്കുന്നു.

ജലാംശം ഒരു പൂര്‍ണ്ണമായ ശബ്ദത്തിന്റെ താക്കോലാണ്. ഓരോ കപ്പ് കാപ്പിക്കും ഒരാള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, കാരണം കാപ്പിയും ചായയും നിര്‍ജ്ജലീകരണ ഏജന്റുകളാണ്.

അസുഃഖമുള്ള സമയത്തും സമ്മര്‍ദ്ദഘട്ടങ്ങളിലും അധികമായി വെള്ളം കുടിക്കുന്നത് ഉറപ്പാക്കണം.

ഭക്ഷണക്രമത്തില്‍ ജലാംശം കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുക.

മദ്യപാനവും പുകവലിയും പൂര്‍ണമായും ഒഴിവാക്കുക.

നിലവിളിയും കുശുകുശുപ്പും ദോഷകരമാണ്. രണ്ടും ഒഴിവാക്കുക.

ആമാശയത്തില്‍ നിന്ന് തൊണ്ടയിലേക്ക് ഭക്ഷണവും ആസിഡും തികട്ടിവരുന്നതാണ് റിഫ്‌ലക്‌സ്. അതിരാവിലെയുള്ള ഡിസ്‌ഫോണിയ (ഒരു തരം ശബ്ദ രോഗം) ഇതുമൂലമാണുണ്ടാകുന്നത്. അതിനാല്‍ റിഫ്‌ലക്‌സ് കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണം. ഇതിന് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മസാലയും എണ്ണയും കുറച്ച് കഴിക്കുക, വൈകി അത്താഴം കഴിക്കുന്നത് ഒഴിവാക്കുക, ശരിയായ സ്ഥിതിയില്‍ ഉറങ്ങുക, വളരെ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക.

എല്ലാത്തരം ശബ്ദ ദുരുപയോഗങ്ങളും ഒഴിവാക്കിക്കൊണ്ട് ശരിയായ സ്വര ഉറക്കം (ഇടയ്ക്കിടെയുള്ള വോയ്സ് വിശ്രമം) എടുക്കുന്നത് സംബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :