കുടിച്ചത് കുറച്ച് കൂടിപ്പോയോ? പേടിക്കേണ്ട ഹാങ് ഓവർ മാറ്റാൻ ചില പൊടിക്കൈകളുണ്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2023 (17:32 IST)
ഓരോ ദിവസവും ആഘോഷകരമാക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട. എല്ലാ ആഘോഷങ്ങളിലും മദ്യം നിർബന്ധവും ആയിരിക്കും. ഇടയ്‌ക്ക് മാത്രം മദ്യപിക്കുന്നവരും ഈ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യും. പെട്ടെന്ന് 'കിക്ക്' ആകുന്നവരും അങ്ങനെയല്ലാത്തവരുമെല്ലാം ഈ കൂട്ടത്തിൽ കാണും. ആഘോഷം അമിതമായി പോകുകയാണെങ്കിൽ അടുത്ത ദിവസം എണീക്കുമ്പോൾ
പണി കിട്ടാനുള്ള സാധ്യത അധികമാണ്. അതിനാൽ തന്നെ മദ്യപിക്കേണ്ടിയിരുന്നില്ലെന്ന് അടുത്ത ദിവസം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ അമിതമായി മദ്യപിച്ചതിന് ശേഷമുള്ള ഈ ക്ഷീണം മാറ്റാൻ ചില വഴികളുണ്ട്.

മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ കഴിവതും മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. കുറച്ച് സമയത്തേക്ക് മാത്രം നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ മദ്യപാനത്തിന് കഴിയുമെങ്കിലും ഇതിന് പിറകിൽ അപകടങ്ങൾ ഏറെയാണ്. മദ്യപിച്ചതിന് ശേഷം നന്നായി വെള്ളം കുടിക്കുവാൻ എപ്പോഴും ശ്രമിക്കേണ്ടതാണ്. മദ്യപിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും നമുക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

ഓറഞ്ച് ജ്യൂസോ തേനോ കഴിക്കുന്നതും മദ്യപാനം കാരണം അടുത്ത ദിവസം അനുഭവപ്പെടുന്ന ക്ഷീണത്തിന് നല്ലതാണ്. വൈറ്റമിൻ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കാൻ സഹായിക്കും. ഇതിലൂടെ ചർദ്ദിയ്‌ക്കാനുള്ള തോന്നൽ മാറുകയും ചെയ്യും. തേനിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്. കൂടാതെ മദ്യപിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴങ്ങളോ കഴിക്കുന്നതും നല്ലതാണ്. രാവിലെ ഉണർന്നതിന് ശേഷമുള്ള വ്യായാമവും ക്ഷീണം മാറ്റാൻ ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :