'പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്'; വസ്തുത അറിയാം

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (15:37 IST)

മേയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ എന്ന സംശയമാണ് ഇപ്പോള്‍ പ്രധാനമായി ഉയര്‍ന്നിരിക്കുന്നത്. പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍ സ്വീകരിക്കരുതെന്ന പ്രചാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍, ഈ പ്രചാരണത്തിനു യാതൊരു അടിസ്ഥാനവുമില്ല.

ഇത്തരം വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ആരോഗ്യവിദഗ്ധരും വ്യക്തമാക്കി. എല്ലാവരും സാധിക്കുന്നതിലും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും പിരീഡ്‌സും വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവര്‍ മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ സ്വീകരിക്കണം. ഇന്നു മുതല്‍ cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം.

'പിരീഡ്‌സുള്ള സമയത്തും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണ്. പിരീഡ്‌സിന് വാക്‌സിനുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. വ്യാജ വാര്‍ത്തകള്‍ ആരും പ്രചരിപ്പിക്കരുത്,' ഗൈനക്കോളജിസ്റ്റ് ഡോ.സല്‍ക്കാര്‍ പറഞ്ഞു. വാക്‌സിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും പിരീഡ്‌സ് ബാധിക്കില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

'ആര്‍ത്തവചക്രത്തെ കോവിഡ് വാക്‌സിന്‍ പ്രതികൂലമായി ബാധിക്കുമെന്ന് യാതൊരു പഠനങ്ങളും നിലവില്‍ ഇല്ല,' രണ്ട് വിദേശ ഡോക്ടര്‍മാരെ ഉദ്ദരിച്ച് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വാക്‌സിന്‍ ആര്‍ത്തവ ചക്രത്തെ ബാധിക്കുമെങ്കില്‍ തന്നെ അത് ഒരു തവണ മാത്രമേ സംഭവിക്കൂ എന്നും പറയുന്നു. അതായത് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പിരീഡ്‌സ് ഒരു തവണയെങ്ങാനും വൈകിയേക്കാം. ഇത് വളരെ ചെറിയ ശതമാനം സ്ത്രീകളിലേ കാണൂ.

ഇല്ലിനോയിസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ.കാതറിന്‍ ക്ലാന്‍സി ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ, 'എന്റെ പിരീഡ്‌സിന്റെ മൂന്നാം ദിവസത്തിലാണ് ഞാന്‍. ഇത്തവണ കൂടുതല്‍ പാഡ് ഉപയോഗിക്കേണ്ടിവന്നു. സാധാരണയായി ഒന്നോ രണ്ടോ ഉപയോഗിക്കേണ്ട സമയത്ത് കൂടുതല്‍ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ല,'

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള തങ്ങളുടെ പിരീഡ്‌സ് സാധാരണയില്‍ നിന്നു വൈകിയതായി അമേരിക്കയില്‍ നിന്നുള്ള ചില സ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള പിരീഡ്‌സില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഫ്‌ളോ അനുഭവപ്പെട്ടതായാണ് മറ്റൊരു വിഭാഗം സ്ത്രീകള്‍ പറയുന്നത്. ഇത്തരം മാറ്റങ്ങളെല്ലാം അപൂര്‍വമാണ്. ഏതാനും മാസത്തിനുള്ളില്‍ ആര്‍ത്തവചക്രം സാധാരണ രീതിയിലാകുമെന്നാണ് പറയുന്നത്. അതായത് വാക്‌സിന്‍ സ്വീകരിക്കുന്നത് ആര്‍ത്തവത്തെ മോശമായി ബാധിക്കുമെന്ന് പറയാന്‍ സാധിക്കത്തക്ക ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല.


Must Read:
നിങ്ങള്‍ ഹോം ക്വാറന്റൈനിലാണോ? രോഗലക്ഷണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :