rahul balan|
Last Updated:
ചൊവ്വ, 5 ഏപ്രില്‍ 2016 (17:01 IST)
അമിതമായി കൊഴുപ്പ് ശരീരത്തില്‍ കൂടാന്‍ ഉരുളക്കിഴങ്ങും മുട്ടയും കഴിക്കുന്നത് കാരണമാകും എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അത്തരം ധാരണകള്‍ വേണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നമ്മള്‍ എന്തു കഴിക്കണം? എങ്ങനെ കഴിക്കണം? എന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇന്ന് നമുക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. എങ്കിലും ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് നമുക്കിടയില്‍ ഇപ്പോഴും ചില തെറ്റിദ്ധാരണകള്‍ നില്‍നില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ള തെറ്റായ വിശ്വാസങ്ങളെ മാറ്റിമറിക്കുന്നതാണ് ലണ്ടനിലെ ‘കിങ്ങ്സ്’ കോളജിലെ നൂട്രീഷ്യന്‍ സയന്‍സ് വിഭാഗം അധ്യാപകനായ സ്കോര്‍ട്ട് ഹാര്‍ഡിങ്ങ് നടത്തിയ പഠനം.
പ്രധാനമായും അഞ്ചുതരം ഭക്ഷണ പഥാര്‍ത്ഥങ്ങളെക്കുറിച്ചാണ് ഹാര്‍ഡിങ്ങ് തന്റെ പഠനത്തിലൂടെ പറയുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം-
മുട്ട
മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതല്ലെന്ന ധാരണ പണ്ടുമുതലേ ഉള്ളതാണ്. സാധാരണഗതിയില്‍ ഒരു മുട്ടയില്‍ 185mg ഡയട്രി കോളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നാണ് നമുക്കിടയിലെ വിശ്വാസം.
എന്നാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ നടത്തിയ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് ഡയട്രി കോളസ്ട്രോള്‍ ചെറിയ തോതില്‍ മാത്രമാണ് കാരണമാകുന്നതെന്നാണ്. ഇതിനു പുറമെ, പോഷകാഹാര വിദഗ്ധര്‍ പറയുന്നത് ദിവസേന മുട്ട കഴിക്കുന്നത് പ്രോട്ടീനും, ആരോഗ്യകരമായ കൊളസ്ട്രോളിനും, വിറ്റാമിനും ശരീരത്തില്‍ എത്താന്‍ സഹായിക്കുന്നു എന്നാണ്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണ പഥാര്‍ത്ഥങ്ങള്‍
വെണ്ണയും പച്ചക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കൊഴുപ്പും കഴിക്കുന്നത് ഗുണകരമാണോ എന്ന സംശയം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. എന്നാല്‍ മിക്ക ആരോഗ്യ വിദ്ഗധരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ വെണ്ണ അടക്കമുള്ള കൊഴുപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതാണ് രസകരമായ വസ്തുത. ഏറെ ഔഷധസമ്പുഷ്‌ടമായ പാല്‍ ഉല്‍പന്നമായ വെണ്ണ ദേഹത്തിന് നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്.
ഉരുളക്കിഴങ്ങ്
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകും എന്നതുകൊണ്ട് ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതല്ലെന്ന ധാരണ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ A, വിറ്റാമിന്‍ B, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല.
ഇതുകൂടാതെ അള്‍സര്‍ കുറയ്ക്കാന്‍ കഴിയുന്ന ആന്റിബാക്ടീരിയ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. വയറിനുള്ളിലെ അള്‍സറിനും നെഞ്ചെരിച്ചിലിനും കാരണമായ ബാക്ടീരിയ ഇല്ലാതാക്കുന്ന പ്രധാന മോളിക്യൂളാണ് ഉരുളക്കിഴങ്ങിലുള്ളത്.
പാലുല്‍പ്പന്നങ്ങള്‍
ശരീരത്തിന് കൂടുതലായി ആവശ്യമുള്ള കാത്സ്യം, പ്രോട്ടീന്‍ മുതലായവ പാല്‍ ഉല്‍പ്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങിയവയില്‍ ഉണ്ട്. അതുകൊണ്ടുതന്നെ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഏറെക്കുറെ ഒരു ഉത്തമ ആഹാരമാണ്. ശരീരനിര്‍മൃതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, ഊര്‍ജ്ജം നല്‍കുന്ന പാല്‍ കൊഴുപ്പും ലാക്‌റ്റോസും പാലില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പ്, അമ്ലങ്ങള്‍ ലഭ്യമാകുന്നു. വളരുന്ന കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, വൈകല്യമുളളവര്‍, രോഗികള്‍ എന്നിവര്‍ക്ക് ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ഉത്തമമാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍.
ഉണങ്ങിയ പഴങ്ങള്‍
വൃക്കയുടെ ആകൃതിയുള്ള രുചികരമായ അണ്ടിപ്പരിപ്പ് പായസങ്ങളിലും ഡെസെര്‍ട്ടുകളിലും, മറ്റ് ഭക്ഷണവിഭവങ്ങളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ്. പോഷകപ്രദവും, ഉപയോഗിക്കാന്‍ സൗകര്യമുള്ളതുമാണ് ഇത്. നിരവധി ന്യൂട്രിയന്‍റുകളടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അണ്ടിപ്പരിപ്പിന് പുറമെ ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് തടി കുറയാനും ശരീരം ധൃഢമാകാനും കാരണമാകും.