കൊമ്പന്മാര്‍ കലാശക്കൊട്ടിന്: കേരളവും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ഫുട്ബോള്‍ , സച്ചിന്‍ , ഗാംഗുലി
മുംബൈ| jibin| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (14:08 IST)
ക്രിക്കറ്റ് ദൈവമായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ചാമ്പ്യൻമാർ എന്ന പദവിയിലേക്ക് എത്താന്‍ ഇന്ന് കലാശ പോരാട്ടത്തിന് കളത്തിലിറങ്ങും. സച്ചിന്റെ നാടായ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടുമണിക്കാണ് കലാശ പോരാട്ടം.

കടുത്ത സെമിഫൈനല്‍ പരീക്ഷ അതിജീവിച്ചാണ് ഇരു ടീമും ഫൈനലില്‍ കടന്നത്. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി നടന്ന സെമിയില്‍ 3-4 ന് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയപ്പോള്‍ എഫ് സി ഗോവയ്‌ക്കെതിരെയായിരുന്നു കൊല്‍ക്കത്തയുടെ സെമിവിജയം. സ്വന്തം നാട്ടില്‍ നടന്ന ആദ്യ പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 2-4 ന്റെ വിജയം നേടി. കൊല്‍ക്കത്തയുടെ ഗോളടി വീരന്‍ ഫിക്രു പരിക്ക് മൂലം കളിക്കാത്തതും. ലീഗ് സ്റ്റേജിൽ കൊൽക്കത്തയെ തോൽപ്പിക്കാനായതും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം കൂട്ടുന്നു. മുന്നേറ്റനിരയും മധ്യനിരയും തമ്മിൽ ഒത്തിണക്കമില്ലായ്മയാണ് ബ്ലാസ്റ്റേഴ്സിന് പ്രശ്നമാകുന്നത്. അതേസമയം തുടക്കത്തില്‍ ലഭിച്ച തകര്‍പ്പന്‍ തുടക്കം അതേ പടി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്തതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്.

ഇരു വിഭാഗത്തും ഉടലെടുത്തിരിക്കുന്ന പോരായ്മകള്‍ നികത്തിയാല്‍ ഇന്ന് കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ഹ്യൂമിനൊപ്പം മൈക്കേൽ ചോപ്രയെ ആദ്യ ഇലവനിൽ കളിപ്പിച്ച് ആക്രമിക്കാനാണ് ബ്ലാസ്റ്റേഴ് ഒരുങ്ങുന്നത്. അതേസമയം ഫിക്രുവിന്റെ അഭാവത്തില്‍ സകല ശക്തിയും പുറത്തെടുക്കാനാണ് കൊല്‍ക്കത്ത തീരുമാനിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച സ്റ്റീഫൻ പിയേഴ്സണും മെഹ്‌താബ് ഹൂസൈനും ഇഷ്ഫാഖ് അഹമ്മദുമെല്ലാം അവസരത്തിനൊത്തുയരുമെന്ന് തന്നെ കരുതാം. മിലാഗ്രസ് ഗോൺസാലസ് സി.എസ്. സബീത്, പെൻ ഒർജി എന്നിവർക്കും നിർണായക റോളുണ്ട്. സന്ദേശ് ജിംഗാൻ, നിർമൽ ഛെത്രി, ഫാൽവി, ഗുർവീന്ദർ എന്നിവരെല്ലാം അണിനിരത്തുന്ന പ്രതിരോധം ശക്തമാണ്. ബാറിന് കീഴിൽ സെമിക്കിടെ പരിക്കിനെ തുടർന്ന് കളംവിട്ട സന്ദീപ് നന്ദിയ്ക്ക് പകരം മാർക്വി താരം ഡേവിഡ് ജയിംസ് എത്തിയേക്കും.

മറുവശത്ത് ഫിക്രുവിന്റെ അസാന്നിദ്ധ്യമാണ് കൊൽക്കത്തയെ വലയ്ക്കുന്ന പ്രധാന ഘടകം. ഫിക്രുവിന്റെ അസാന്നിദ്ധ്യത്തിൽ ഇന്ത്യൻ താരം കെവിൻ ലോബോയ്ക്കായിരിക്കും ആക്രമണചുമതല. മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിയും ചിലപ്പോൾ ആക്രമണത്തിനിറങ്ങിയേക്കും. മാർക്വി പ്ളയർ ലൂയിസ് ഗാർസിയയുടെ നീക്കങ്ങളാകും ഫൈനലിൽ കൊൽക്കത്തയുടെ ഭാഗഥേയം നിർണയിക്കുക. അർണാബ് മൊണ്ടൽ ബോർജ ഫെർണാണ്ടസ്, ബൽജിത് സാഹിനി എന്നിവരിൽ നിന്നും കൊൽക്കത്ത ഏറെ പ്രതീക്ഷിക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :