റണ്‍ കേരള റണ്‍ : മുഖ്യമന്ത്രിയും സച്ചിനും പങ്കെടുക്കും

തിരുവനന്തപുരം| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (18:12 IST)
ദേശീയ ഗയിംസിനോടനുബന്ധിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടയോട്ടം സംഘടിപ്പിക്കും. സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗയിംസ് ബ്രാന്‍ഡ് അമ്പാസിഡര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, കായികതാരങ്ങള്‍, സിനിമാതാരങ്ങള്‍, സാംസ്‌കാരികനായകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, റെസിഡന്‍സ് സംഘടനകള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. പാറശാല മുതല്‍ മഞ്ചേശ്വരം വരെ ഏഴായിരത്തിലധികം കേന്ദ്രങ്ങളിലായി 200 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ദൂരം ഒരേ സമയം സംഘടിപ്പിക്കുന്ന കൂട്ടയോട്ടം സംബന്ധിച്ച് ചുവടെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.

ജനുവരി 20 നും 22 നും ഇടയില്‍ ആയിരിക്കും കൂട്ടയോട്ടം സംഘടിപ്പിക്കുക. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച് നാലു മണിക്ക് അവസാനിക്കും വിധം സംഘടിപ്പിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിപാടി സംഘടിപ്പിക്കേണ്ടത്. ജില്ലാ തലസ്ഥാനങ്ങളിലും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലും വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയില്‍ പരിപാടി ക്രമീകരിക്കണം. ഒരു പഞ്ചായത്തില്‍ ഏഴില്‍ കുറയാതെയുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഓരോ വാര്‍ഡിലെയും ഓരോ കേന്ദ്രങ്ങളിലുമായി പരിപാടി സംഘടിപ്പിക്കണം. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക നായകര്‍, എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, നോണ്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍, യൂത്ത്/ആര്‍ട്‌സ്/സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, കലാകാരന്മാര്‍, വനസംരക്ഷണ സമിതികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും ഉള്ളവരുടെ പ്രാതിനിധ്യം പരിപാടിയില്‍ ഉറപ്പുവരുത്തണം.

പരിപാടിയുടെ ഏകീകൃത തീം സോംഗ്, മുദ്രാവാക്യം, പ്രതിജ്ഞ എന്നിവ സി.ഡിയില്‍ തയ്യാറാക്കി എല്ലാ വേദികളിലും എത്തിക്കുന്നതിനുള്ള നടപടി നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് സ്വീകരിക്കും. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഗയിംസ് ഗീതം ആലപിക്കുകയും പ്രതിജ്ഞയെടുക്കുകയും ഓടുമ്പോള്‍ മുദ്രാവാക്യം മുഴക്കുകയും വേണം. ഓരോ വേദിയിലും ഗെയിംസിന്റെ പ്രതീകമായി ഒന്നില്‍ കുറയാതെ വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ വൃക്ഷത്തൈകള്‍ വേദിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ചുമതല നല്‍കപ്പെട്ട മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ വേദികള്‍ തീരുമാനിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :