‘മിശിഹാ’യുടെ ഒരു കാര്യം; മെസിയുടെ മഴവില്ലഴക് ചാലിച്ച ഗോള്‍ എങ്ങനെ പിറന്നു - വീഡിയോ കാണാം

ആദ്യ സെമിയില്‍ നിറഞ്ഞു നിന്നത് മെസിയുടെ ഗോള്‍ തന്നെയായിരുന്നു

ടെക്‍സാസ്| jibin| Last Modified ബുധന്‍, 22 ജൂണ്‍ 2016 (16:02 IST)
കോപ്പ അമേരിക്കയുടെ ആദ്യ സെമിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മികവില്‍ അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കളത്തില്‍ നിറഞ്ഞു നിന്നത് ഫുട്‌ബോളിന്റെ മിശിഹ തന്നെയായിരുന്നു. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്ക പരാജയപ്പെടുത്തിയത്.

അർജന്റീനയ്ക്കായി തന്റെ 55-മത് ഗോൾ നേടിയ മെസി സൂപ്പര്‍ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് അവരുടെ എക്കാലത്തേയും മികച്ച ഗോൾസ്കോററുമായി. മാത്രമല്ല, കോപ്പ ശതാബ്ദി ടൂർണമെന്റിൽ മെസിയുടെ ഗോൾനേട്ടം അഞ്ചായി ഉയരുകയും ചെയ്തു.

ആദ്യ സെമിയില്‍ നിറഞ്ഞു നിന്നത് മെസിയുടെ ഗോള്‍ തന്നെയായിരുന്നു. 32-മത് മിനിറ്റിലായിരുന്നു മെസിയുടെ തകർപ്പൻ ഗോള്‍. അതും തകർപ്പനൊരു ഫ്രീകിക്കിലൂടെ. അമേരിക്കന്‍ പ്രതിരോധം കെട്ടിപ്പൊക്കിയ മതിലിന് മുകളിലൂടെ പറന്നുവന്ന മെസിയുടെ പാദസ്പർശമേറ്റ പന്ത് പോസ്റ്റിലേക്ക് ഒഴുകിയിറങ്ങുമ്പോൾ യുഎസ് ഗോളി തീർത്തും നിഷ്പ്രഭനായി.

കിറുകൃത്യമായി വരച്ചുവച്ച രേഖയിലെന്ന പോലെ ഉയർന്നുപൊങ്ങിയ പന്ത് ഗോളിലേക്ക് ഒഴുകിയിറങ്ങുന്ന കാഴ്ച അതീവസുന്ദരമായിരുന്നു. തുടര്‍ന്നുണ്ടായ ഗോളുകളിലും മെസിയുടെ സ്‌പര്‍ശം തന്നെയുണ്ടായിരുന്നു. ഗോള്‍ അടിച്ചും അടുപ്പിച്ചും മെസി തന്നെ കളത്തില്‍ നിറഞ്ഞതോടെ എതിരാളികള്‍ തകര്‍ന്നു പോയി. വ്യാഴാഴ്ച നടക്കുന്ന കൊളംബിയ -ചിലി മത്സരത്തിലെ വിജയി അർജന്‍റീനയെ ഫൈനലിൽ നേരിടും. ജൂൺ 27നാണ് ഫൈനൽ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :