Nadikar Review: ലക്കും ലഗാനുമില്ലാത്ത കഥ പറച്ചില്‍, ലാല്‍ ജൂനിയറിന്റെ മേക്കിങ് മികവുകൊണ്ടും രക്ഷപ്പെടാത്ത 'നടികര്‍'

ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

രേണുക വേണു| Last Modified വെള്ളി, 3 മെയ് 2024 (21:21 IST)

Nadikar Review: സിനിമ തുടങ്ങി ഒടുക്കം വരെ പ്രേക്ഷകര്‍ കരുതും 'കാര്യമായെന്തോ സംഭവിക്കാന്‍ പോകുന്നു' എന്ന്, പക്ഷേ ഒന്നും സംഭവിക്കില്ല..! ഒടുവില്‍ സിനിമ കഴിഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു സംതൃപ്തി തോന്നും. ഈ കനത്ത ചൂടിനിടയില്‍ മേലൊന്ന് തണുപ്പിക്കാന്‍ രണ്ടര മണിക്കൂര്‍ കിട്ടിയല്ലോ എന്നോര്‍ത്ത് ! അത്രത്തോളം ശൂന്യമാണ് ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത 'നടികര്‍'. ഒരിടത്തും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനോ ഇമോഷണലി കണക്ട് ചെയ്യാനോ സിനിമയ്ക്കു സാധിക്കുന്നില്ല. പൊള്ളയായ കഥ തന്നെയാണ് അതിനു പ്രധാന ഉത്തരവാദി.

ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. താരപദവിയില്‍ അഭിരമിക്കുന്ന ഡേവിഡ് പടിക്കലിന് അഭിനയം സെക്കന്ററിയാണ്. ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് ഒട്ടേറെ കുറവുകളുണ്ടെന്ന് മനസിലാക്കാനോ അതിനനുസരിച്ച് സ്വയം മെച്ചപ്പെടുത്താനോ ഡേവിഡ് പടിക്കലിന് സാധിക്കുന്നില്ല. അതേസമയം തനിക്കുള്ള സ്റ്റാര്‍ഡത്തെ അയാള്‍ പരമാവധി ചൂഷണം ചെയ്യുന്നുമുണ്ട്. ചുറ്റുമുള്ളവരോട് അനുകമ്പയില്ലാത്ത, മറ്റുള്ളവരുടെ തിരുത്തലുകള്‍ക്ക് നിന്നുകൊടുക്കാത്ത ഡേവിഡ് പടിക്കല്‍ തന്റെ അഹന്ത കൊണ്ട് പല കുരുക്കുകളിലും ചെന്നു വീഴുന്നു. അങ്ങനെ നാടുവിടേണ്ടി വരികയും പിന്നീട് അഭിനയം പഠിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്ത് ഒരു നാടക കലാകാരന്റെ സഹായം തേടുകയും ചെയ്യുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഒടുവില്‍ ഡേവിഡ് പടിക്കല്‍ നിഷ്‌കളങ്കനായ 'കുഞ്ഞാടായി' മാറുന്നതുമാണ് സിനിമയുടെ പ്രധാന പ്രമേയം.

സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, ചന്തു സലിം കുമാര്‍ എന്നിവര്‍ വല്ലപ്പോഴും ചിരിപ്പിക്കുന്നത് ഒഴിച്ചാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതില്‍ നടികര്‍ പൂര്‍ണമായി പരാജയപ്പെടുന്നു. സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് ടൊവിനോ തോമസ് വേഷമിട്ടിരിക്കുന്നത്. നായിക വേഷത്തില്‍ ഭാവന എത്തുന്നുണ്ടെങ്കിലും സ്‌ക്രീന്‍ സ്‌പേസ് വളരെ കുറവായതിനാല്‍ ആ കഥാപാത്രത്തിനു കാര്യമായൊന്നും ചെയ്യാനില്ല. ഡേവിഡ് പടിക്കലിന്റെ ഭൂതകാലം റിവീല്‍ ചെയ്യുന്ന ക്ലൈമാക്‌സില്‍ വളരെ ഡ്രമാറ്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പ്രേക്ഷകരുമായി ഇമോഷണലി കണക്ട് ആകുന്നില്ല.

സമ്പൂര്‍ണ ദുരന്തമാകേണ്ടിയിരുന്ന സിനിമയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് ലാല്‍ ജൂനിയറിന്റെ മേക്കിങ് മികവാണ്. സുവിന്‍ എസ്.സോമശേഖരന്റേതാണ് കഥ.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :