സ്‌ക്രീനില്‍ ഇല്ലാത്ത രംഗങ്ങളില്‍ പോലും മമ്മൂട്ടി കയ്യടി വാങ്ങി ! ഇതൊരു അമല്‍ നീരദ് ബ്രില്ല്യന്‍സ്

രേണുക വേണു| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (13:59 IST)

മമ്മൂട്ടിക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു കരിസ്മയുണ്ട്. അത് സിനിമയില്‍ മാത്രമല്ല അതിനു പുറത്തും. ഒരു പൊതുവേദിയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോള്‍ ഏതെങ്കിലും മാസ് സിനിമയുടെ ഫ്രെയ്മില്‍ അദ്ദേഹത്തെ കാണുന്നതു പോലെ നിങ്ങള്‍ക്ക് പലപ്പോഴും തോന്നിയിട്ടില്ലേ? അത് ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും വര്‍ഷങ്ങളായി മമ്മൂട്ടി ഉണ്ടാക്കിയെടുത്ത കരിസ്മയും സ്വാഗുമാണ്. വസ്ത്രധാരണത്തിലും കൂളിങ് ഗ്ലാസിലും പോലും മമ്മൂട്ടി അത്രയേറെ ശ്രദ്ധിക്കും. അങ്ങനെയൊരു താരത്തെ മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ഫിലിം മേക്കറുടെ കയ്യില്‍ കിട്ടിയില്‍ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമായിരുന്നു 15 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ബിഗ് ബി. ഇപ്പോള്‍ ഇതാ ഭീഷ്മ പര്‍വ്വവും !

ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ പ്രായം 71 ആണ്. മെഗാസ്റ്റാറിനെ ജരാനരകള്‍ ബാധിച്ചിരിക്കുന്നു. പക്ഷേ അയാളുടെ മുഖത്ത് പോരാട്ടത്തിന്റെ വര്‍ധിതവീര്യമുണ്ട്. കാലത്തിനൊപ്പം അപ്‌ഡേറ്റാകാനുള്ള അതിഭീകരമായ അത്യാഗ്രഹമുണ്ട്. അതുകൊണ്ട് അയാള്‍ കാലത്തിനൊപ്പം വേഗത്തില്‍ സഞ്ചരിക്കുന്നു. അവിടെയാണ് അമല്‍ നീരദിന് കാര്യങ്ങള്‍ എളുപ്പമായത്.

പ്രായമുള്ള കഥാപാത്രത്തെ മാസ് പരിവേഷമുള്ള നായകനാക്കി അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ഒതുക്കവും കയ്യടക്കവും പല സംവിധായകരും അമല്‍ നീരദില്‍ നിന്ന് പഠിക്കണം. കഥാപാത്ര സൃഷ്ടിയില്‍ അമല്‍ നീരദും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സ് ചെറിയ രീതിയിലൊന്നുമല്ല സിനിമയെ പിടിച്ചുനിര്‍ത്തിയത്.

തുടക്കം തൊട്ട് ഒടുക്കം വരെ മമ്മൂട്ടിയുടെ മൈക്കിള്‍ കയ്യടി വാങ്ങുന്നുണ്ട്. സ്‌ക്രീനില്‍ മൈക്കിളിനെ കാണിക്കാത്ത രംഗങ്ങളില്‍ പോലും ! അതിനു കാരണം കഥാപാത്ര സൃഷ്ടിയിലെ കണിശതയാര്‍ന്ന ബില്‍ഡ് അപ്പാണ്. സൗബിന്റെ അജാസ് എന്ന കഥാപാത്രം 'മൈക്കിള്‍ അപ്പ പറഞ്ഞു' എന്ന ഡയലോഗ് പറയുമ്പോള്‍ അവിടെ മൈക്കിള്‍ ഇല്ല. പക്ഷേ ആ ഡയലോഗ് തിയറ്ററില്‍ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല. മൈക്കിള്‍ എന്ന കഥാപാത്രം ഇല്ലാത്ത രം?ഗങ്ങളില്‍പ്പോലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ക്കായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :