Last Modified ചൊവ്വ, 14 ജൂലൈ 2015 (16:22 IST)
ബാഹുബലി കണ്ട് വിസ്മയം കൊള്ളുന്നവരുടെ കൂട്ടത്തില്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും. എസ് എസ് രാജമൌലി സംവിധാനം ചെയ്ത ഈ സിനിമയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടാത്തവിധം ആവേശഭരിതനാണ് ഷങ്കര്‍. സിനിമയുടെ ഓരോ നിമിഷവും തന്നെ ത്രില്ലടിപ്പിച്ചു എന്നാണ് ഷങ്കര്‍ പറയുന്നത്.
“ഇതിഹാസതുല്യമായ ചിന്തയാണ് ബാഹുബലിയുടേത്! കാവ്യാത്മകമായ ഭാവന! കരുത്തുറ്റ കഥാപാത്ര ചിത്രീകരണം! സൂപ്പര്‍ ഹീറോയിസം! ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങള്‍! വൌ! രാജമൌലിക്കും ടീമിനും എന്‍റെ അഭിനന്ദനങ്ങള്‍” - ഷങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ഷങ്കറാണോ രാജമൌലിയാണോ ഒന്നാം നമ്പര്‍ സംവിധായകന്‍ എന്ന് ഒരു തര്‍ക്കം തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. രാജമൌലിയുടെ അഭിപ്രായം താന്‍ ഷങ്കറിനേക്കാള്‍ ഒരുപാട് പിന്നിലാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഷങ്കര്‍ പോലും സമ്മതിക്കുന്നു - രാജമൌലി ഒരപാര സംഭവം തന്നെ.
രാം ഗോപാല്‍ വര്‍മയും ട്വിറ്ററിലെ തന്‍റെ പോസ്റ്റുകളിലൂടെ രാജമൌലിസ്തുതി തുടരുകയാണ്. ഒരു യഥാര്‍ത്ഥ ഭൂമികുലുക്കത്തേക്കാള്‍ സിനിമാലോകത്തെ വിറപ്പിച്ചിരിക്കുകയാണ് ബാഹുബലി സൃഷ്ടിച്ച ഭൂമികുലുക്കമെന്ന് രാമു പറയുന്നു.