രേണുക വേണു|
Last Modified ചൊവ്വ, 16 ജൂലൈ 2024 (12:36 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഈ വര്‍ഷത്തെ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നാണ്. ഏകദേശം 80 കോടിക്ക് മുകളിലാണ് ടര്‍ബോ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്. ടര്‍ബോയ്ക്കു 50 കോടിയോളം ചെലവ് വന്നിട്ടുണ്ടെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ യഥാര്‍ഥ ചെലവ് എത്രയെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍.
മമ്മൂട്ടിയുടെ പ്രതിഫലം കൂടാതെ ടര്‍ബോ പൂര്‍ത്തിയാക്കാന്‍ 23.5 കോടി രൂപയാണ് ചെലവ് വന്നതെന്ന് വൈശാഖ് പറഞ്ഞു. എപ്പോള്‍ സിനിമ ചെയ്യുമ്പോഴും ഒരു നിശ്ചിത ചെലവിനുള്ളില്‍ വര്‍ക്ക് പൂര്‍ത്തിയാക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും അതുകൊണ്ട് ഓരോ ആഴ്ചയും നിര്‍മാതാക്കളോട് ചെലവിനെ കുറിച്ച് ചോദിച്ചറിയുമെന്നും വൈശാഖ് പറഞ്ഞു.
' ബജറ്റ് നോക്കി സിനിമ ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഓരോ ആഴ്ചയിലും ഇതുവരെ എത്ര രൂപയായെന്ന് അപ്‌ഡേറ്റ് ചോദിക്കും. ടര്‍ബോ 20 കോടിയില്‍ തീര്‍ക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ മഴയുടെ പ്രശ്‌നവും മറ്റു ചില സാങ്കേതിക പ്രശ്‌നങ്ങളും വന്നപ്പോള്‍ അല്‍പ്പം കൂടിപ്പോയി. 80 ദിവസം കൊണ്ട് ഷൂട്ടിങ് തീര്‍ക്കേണ്ടതിനു 104 ദിവസം എടുത്തു. എന്റെ അറിവില്‍ മമ്മൂക്കയുടെ പ്രതിഫലം കൂടാതെ 23.5 കോടിയാണ് ടര്‍ബോയ്ക്ക് ചെലവ് വന്നത്. മമ്മൂക്കയുടെ പ്രതിഫലവും മാര്‍ക്കറ്റിങ് ചെലവും വേറെ വരും. കൃത്യമായ ചെലവും ലാഭവും പ്രൊഡക്ഷന്‍ കമ്പനിക്ക് മാത്രമേ പറയാന്‍ സാധിക്കൂ,' വൈശാഖ് പറഞ്ഞു.