കരണക്കുറ്റി നോക്കി രണ്ട് അടി കൊടുത്തു; സുകുമാരി വിനീതിനെ തല്ലിയ സംഭവം വിവരിച്ച് നെടുമുടി വേണു

രേണുക വേണു| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (16:22 IST)

മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കളാണ് നെടുമുടി വേണുവും സുകുമാരിയും. രണ്ട് പേരും ഇപ്പോള്‍ ജീവനോടെയില്ല. വര്‍ഷം എത്ര കഴിഞ്ഞാലും ഇരുവരുടെയും കഥാപാത്രങ്ങള്‍ മലയാളി മറക്കില്ല. മലയാള സിനിമയില്‍ ഇരുവര്‍ക്കും കാരണവര്‍ സ്ഥാനമുണ്ടായിരുന്നു. യുവ അഭിനേതാക്കളെ തിരുത്താനും ശിക്ഷിക്കാനുമുള്ള അധികാരം ഇരുവര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെയൊരു സംഭവം പഴയൊരു അഭിമുഖത്തില്‍ നെടുമുടി വേണു വിവരിച്ചിട്ടുണ്ട്. നടനും നര്‍ത്തകനുമായ വിനീതിനെ സുകുമാരി തല്ലിയ സംഭവമാണ് അത്. എം.ജി.ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പണ്ട് നെടുമുടി വേണു പങ്കെടുത്തിരുന്നു. ഈ പരിപാടിയിലാണ് സുകുമാരി വിനീതിനെ തിരുത്തിയ സംഭവം നെടുമുടി വെളിപ്പെടുത്തിയത്.

ഒരു വിദേശ ഷോയിലെ അനുഭവമാണ് നെടുമുടി വിവരിക്കുന്നത്. എം.ജി.ശ്രീകുമാറും ആ ഷോയില്‍ നെടുമുടി വണുവിന് ഒപ്പമുണ്ട്. ആ ഷോയ്ക്കിടെ വിനീത് സിഗരറ്റ് വലിക്കുന്നത് കണ്ടാണ് സുകുമാരി അടിച്ചതെന്ന് നെടുമുടി പറയുന്നു.

'ഒരു സീനില്‍ നമ്മുടെ വിനീത് സിഗരറ്റ് വലിച്ച് അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച് ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല. ഞാന്‍ സുകുമാരി ചേച്ചിയെ വിളിച്ചു. അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചോ, സുഖമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇടപെടാറുണ്ട്. ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്നിട്ട് വിനീതിനെ നോക്ക്, കുരുന്നു പ്രായമാണ് ചേച്ചി പോയി ഒന്നു നോക്ക് എന്താണ് അവന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്സല്‍ എന്ന് ചോദിച്ച് സുകുമാരി ചേച്ചി കരണ കുറ്റി നോക്കി രണ്ട് അടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ട്,' നെടുമുടി വേണു പറഞ്ഞു. വിദേശ ഷോയിലെ രസകരമായ സംഭവമെന്ന നിലയിലാണ് നെടുമുടി ഇതിനെ വിവരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :