രേണുക വേണു|
Last Modified വെള്ളി, 30 ജൂലൈ 2021 (10:15 IST)
സിനിമ പോലെ തന്നെ ഉദ്വേഗജനകമായിരുന്നു സംവിധായകന്‍ ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. അഭിനയ മികവുകൊണ്ടും സൗന്ദര്യംകൊണ്ടും മലയാളികളെ ആകര്‍ഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.
ശ്രീവിദ്യ ഏറ്റവും കൂടുതല്‍ പ്രണയിച്ചിട്ടുണ്ടാകുക ഭരതനെയാണെന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുള്ളത്. ശ്രീവിദ്യയും തന്റെ ഭര്‍ത്താവ് ഭരതനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കെപിഎസി ലളിതയും വെളിപ്പെടുത്തിയിട്ടുണ്ട്.
ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ലളിത. ഭരതന്‍ ശ്രീവിദ്യയെ ഫോണില്‍ വിളിച്ചിരുന്നത് ലളിതയുടെ വീട്ടില്‍ നിന്നാണ്. തന്റെ വീട്ടിലേക്ക് ഭരതന്‍ വരാറുണ്ടെന്നും അവിടെവച്ചാണ് ശ്രീവിദ്യയുടെ വീട്ടിലേക്ക് വിളിക്കുന്നതെന്നും ലളിത പറഞ്ഞു.
പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മില്‍ അകന്നു. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ ശ്രീവിദ്യയുമായുള്ള പ്രണയത്തിനു ഹംസമായി നിന്ന ലളിതയെ ഭരതന്‍ തന്റെ ജീവിതസഖിയാക്കി.
താനുമായുള്ള വിവാഹശേഷവും ശ്രീവിദ്യയെ ഭരതന്‍ പ്രണയിച്ചിരുന്നതായി ലളിത വെളിപ്പെടുത്തിയിരുന്നു. 'വിവാഹ ശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ കരയാനേ കഴിഞ്ഞുള്ളൂ. മോനെ, സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്‌നമില്ല. പൊസ്സസീവ്‌നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവര്‍ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത്,' ലളിത പറഞ്ഞു.
ഭരതന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷമായി. 1946 നവംബര്‍ 14 ന് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഭരതന്‍ ജനിച്ചത്. 1998 ജൂലൈ 30 ന് തന്റെ 52-ാം വയസ്സില്‍ ഭരതന്‍ മരിച്ചു. പ്രണയവും രതിയും അശ്ലീലമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ഭരതന്‍. പത്മരാജന്‍-ഭരതന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ക്ലാസിക് സിനിമകള്‍ പിറന്നു. രതിനിര്‍വേദം, തകര, ചാമരം, നിദ്ര, പറങ്കിമല, കാതോടു കാതോരം, ചിലമ്പ്, അമരം, ചമയം, പാഥേയം തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ഭരതന്‍ സംവിധാനം ചെയ്തിട്ടുണ്ട്.