കുറച്ച് ദിവസത്തേക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല, ആര്യന് വേണ്ടി പ്രത്യേക ഡയറ്റ്; കൗണ്‍സിലിങ് നല്‍കും, പാര്‍ട്ടികള്‍ക്ക് പോകില്ലെന്ന് ഷാരൂഖും ഗൗരിയും

രേണുക വേണു| Last Updated: ശനി, 30 ഒക്‌ടോബര്‍ 2021 (16:30 IST)

മകന്‍ ആര്യന്‍ ഖാന്‍ മുംബൈയിലെ മന്നത്ത് വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ പിടിയിലായ ആര്യന്‍ കഴിഞ്ഞ 23 ദിവസമായി മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആര്യന് ജാമ്യം കിട്ടിയത്. ഇന്ന് ഉച്ചയോടെ ആര്യന്‍ മന്നത്തെ വീട്ടില്‍ തിരിച്ചെത്തി.

കര്‍ശന ഉപാധികളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 നും ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയില്‍ എന്‍സിബി ഓഫീസില്‍ എത്തി ഒപ്പിടണം.

ജയിലില്‍ ആര്യന്‍ ഭക്ഷണം കാര്യമായി കഴിച്ചിരുന്നില്ല. മന്നത്ത് വീട്ടിലെത്തിയ ആര്യന് പ്രത്യേക ഡയറ്റ് ഷാരൂഖ് ഖാനും ഗൗരിയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. പോഷകാഹാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഭക്ഷണ ഡയറ്റ് തയ്യാറാക്കുന്നത്. കുറച്ച് ദിവസത്തേക്ക് ആര്യന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഷാരൂഖ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്യനെ ബോഡി ചെക്കപ്പിന് വിധേയനാക്കും. രക്ത പരിശോധനയും നടത്തും. മകന് ജയില്‍ വാസത്തിനു ശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നാണ് ഗൗരിയുടെ ആശങ്ക. ഫിസിക്കല്‍ ചെക്കപ്പിനു പുറമേ മാനസികാരോഗ്യത്തിനും ഷാരൂഖും ഗൗരിയും പ്രാധാന്യം നല്‍കുന്നു. ഇരുവരും ചേര്‍ന്ന് ആര്യനെ കൗണ്‍സിലിങ് സെക്ഷന് വിധേയമാക്കാന്‍ പദ്ധതിയിട്ടിട്ടുള്ളതായി ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബസമേതം പാര്‍ട്ടികള്‍ക്ക് പോകുന്നതും കുറച്ച് ദിവസത്തേക്ക് ഒഴിവാക്കാനാണ് ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും തീരുമാനം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :