നിഹാരിക കെ എസ്|
Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (09:59 IST)
സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലെ 'മലർ മിസ്' ഹിറ്റായി. സായ് പല്ലവിയെ തേടി നിരവധി ഓഫറുകൾ വന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നടി സിനിമകൾ ചെയ്തു. മികച്ച വേഷങ്ങൾ ചെയ്യുന്നതിനൊപ്പം ശക്തമായ നിലപാടുകൾ കൊണ്ടും സായ് പല്ലവി മറ്റുള്ള നടിമാരിൽ നിന്നും വേറിട്ട് നിൽക്കുന്നു. പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ഗ്ളാമർ വേഷങ്ങൾ ചെയ്യില്ലെന്നുമുള്ളത് സായ് പല്ലവിയുടെ തീരുമാനമായിരുന്നു.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ ഗ്ലാമറസ് വേഷങ്ങളോട് പൂർണ്ണമായും നോ പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് നടി. ആദ്യ സിനിമ പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങൾ താൻ ഒഴിവാക്കാൻ കാരണം എന്നാണ് സായ് പല്ലവി പറയുന്നത്.
'ജോർജിയയിൽ ഒരിക്കൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണ് ഈ പെൺകുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നിയിരുന്നു. അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും പ്രചരിച്ചു. മനോഹരമായിരുന്ന ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്ക് അത് അൺ കംഫർട്ടബിളായി.
ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് ഞാൻ ഫീഡ് ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്.
അത്തരം കണ്ണുകൾ തന്നിലേക്ക് വരരുത്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റുകയുള്ളു', സായ് പല്ലവി പറയുന്നു.