രേണുക വേണു|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (11:01 IST)
തീപ്പൊരി ഡയലോഗുകളിലൂടെ പ്രേക്ഷകനെ ഹരംകൊള്ളിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കര്‍. കിങ്ങിലെ മമ്മൂട്ടിയും കമ്മിഷണറിലെ സുരേഷ് ഗോപിയും രഞ്ജി പണിക്കറുടെ സംഭാവനകളാണ്. താന്‍ എഴുതുന്ന ഡയലോഗുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ഏറ്റവും നന്നായി വഴങ്ങുന്നതെന്ന് രഞ്ജി പണിക്കര്‍ പണ്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, മോഹന്‍ലാലിന് താന്‍ എഴുതുന്ന ഡയലോഗുകള്‍ അത്ര പെട്ടന്ന് വഴങ്ങില്ലെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
പ്രജ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു അണ്ണാ എനിക്ക് നിങ്ങള്‍ ഡയലോഗ് വായിച്ചു തരരുത്. ഞാന്‍ മോഹന്‍ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പഞ്ച് മാറിപോകുമെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററില്ല. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത്ത് എഴുതുന്ന ഡയലോഗുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഡയലോഗിന്റെ പേരില്‍ വഴക്കിടുന്ന മമ്മൂട്ടി
രഞ്ജി പണിക്കര്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ അനായാസം പറയാനുള്ള പ്രത്യേക കഴിവ് മമ്മൂട്ടിക്കുണ്ട്. ദ കിങ്ങിലെ സീനുകള്‍ മാത്രം മതി മമ്മൂട്ടിക്ക് ഡയലോഗ് ഡെലിവറിയിലുള്ള പ്രാവീണ്യം മനസിലാക്കാന്‍. എന്നാല്‍, മമ്മൂട്ടിയെ വച്ച് അത്തരം ഡയലോഗുകള്‍ പറയിപ്പിക്കാന്‍ താന്‍ കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് രഞ്ജി പണിക്കരുടെ വെളിപ്പെടുത്തല്‍.
ചില ഡയലോഗുകള്‍ വായിക്കുമ്പോള്‍ മമ്മൂട്ടി വഴക്കുണ്ടാക്കും. അതിങ്ങനെ വേണോ ഇതിങ്ങനെ വേണോ എന്നൊക്കെ മമ്മൂട്ടി ചോദിക്കും. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് എഴുതുമ്പോള്‍ വഴക്കുണ്ടാക്കുകയാണ് ചെയ്യുക. ഡബിങ് തിയറ്ററില്‍ പോലും ഇങ്ങനെ മമ്മൂട്ടി വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോള്‍ രഞ്ജി പണിക്കരെ നോക്കി നിങ്ങള്‍ വന്ന് ഡബ്ബ് ചെയ്യെന്ന് മമ്മൂട്ടി പറഞ്ഞിരുന്നത്രെ. ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഡയലോഗുകള്‍ രഞ്ജി പണിക്കര്‍ ആഗ്രഹിക്കുന്ന പോലെ തന്നെ മമ്മൂട്ടി ഡബ്ബ് ചെയ്യും. അതുകൊണ്ട് തന്നെ തിയറ്ററുകളില്‍ ആ ഡയലോഗുകള്‍ വലിയ കൈയടി വാങ്ങിക്കുകയും ചെയ്തു.