അഴകിയ രാവണനിന്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു ആലോചന; മമ്മൂട്ടി 'യെസ്' പറഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു

രേണുക വേണു| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (08:39 IST)

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് തിയറ്ററുകളിലെത്തിയ സിനിമയാണ് അഴകിയ രാവണന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ കമലാണ് അഴകിയ രാവണന്‍ സംവിധാനം ചെയ്തത്. കാമ്പുള്ള കഥ കൊണ്ട് ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് അഴകിയ രാവണന്‍. എങ്കിലും തിയറ്ററുകളില്‍ പടം അത്ര വലിയ വിജയമായില്ല. ശരാശരി വിജയത്തില്‍ സിനിമ ഒതുങ്ങി.

പൊങ്ങച്ചക്കാരന്‍ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. അക്കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളിലെ മാസ് നായകവേഷങ്ങളില്‍ മമ്മൂട്ടിയെ കാണാന്‍ ആഗ്രഹിച്ച മമ്മൂട്ടി ആരാധകര്‍ തന്നെയാണ് അഴകിയ രാവണന്‍ ശരാശരി ഹിറ്റില്‍ ഒതുങ്ങാന്‍ കാരണം. മമ്മൂട്ടി അതിഗംഭീരമായി അഭിനയിച്ച കഥാപാത്രം ആയിട്ട് കൂടി ആരാധകര്‍ വേണ്ട രീതിയില്‍ ശങ്കര്‍ദാസിനെ ഏറ്റെടുത്തില്ല.

മമ്മൂട്ടി കഥാപാത്രത്തിനു സിനിമയില്‍ ഭൂരിഭാഗം സമയത്തും ഒരു നെഗറ്റീവ് ഷെയ്ഡ് ഉണ്ട്. നായികാ കഥാപാത്രം മമ്മൂട്ടിയെ അവസാനം വരെ വെറുക്കുന്നു. ഇത്തരം സീനുകളെല്ലാം ആരാധകരെ വിഷമിപ്പിച്ചു. തങ്ങളുടെ മെഗാസ്റ്റാറിനെ ഇത്തരമൊരു കഥാപാത്രത്തില്‍ കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ തിയറ്ററുകളിലെത്തിയ സമയത്ത് ആദ്യ ദിനങ്ങളില്‍ ആരാധകരുടെ അഭിപ്രായം സിനിമയുടെ ബോക്‌സ്ഓഫീസ് വിധി നിര്‍ണയിച്ചു.

പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായി ശങ്കര്‍ദാസ് വാഴ്ത്തപ്പെട്ടു. ഈ സിനിമയ്ക്ക് പിന്നില്‍ വേറൊരു കൗതുകകരമായ കാര്യവുമുണ്ട്. അഴകിയ രാവണനിലെ നായകനായി മോഹന്‍ലാലിനെ കൊണ്ടുവന്നാലോ എന്ന് ശ്രീനിവാസന് ആലോചനയുണ്ടായിരുന്നു. ഈ കഥാപാത്രത്തോട് മമ്മൂട്ടി നോ പറയുകയാണെങ്കില്‍ മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാനായിരുന്നു ഇരുവരുടേയും പ്ലാന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :