വിവാഹമോചനത്തെ കുറിച്ച് ആലോചിച്ച സമയമുണ്ട്, ആ സിനിമയില്‍ കാണിക്കുന്ന പലതും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്; മഞ്ജു പിള്ള പറയുന്നു

രേണുക വേണു| Last Modified ബുധന്‍, 11 മെയ് 2022 (12:07 IST)

നടി മഞ്ജു പിള്ളയുടെ ജീവിതപങ്കാളി സംവിധായകനും ഛായാഗ്രഹകനുമായ സുജിത് വാസുദേവ് ആണ്. ഇരുവരും ഒന്നിച്ച് വളരെ സന്തോഷത്തോടെയാണ് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍, ജീവിതത്തില്‍ പലപ്പോഴും ഡിവോഴ്സിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ മഞ്ജു തുറന്നുപറഞ്ഞിട്ടുണ്ട്. കൗമുദി ചാനലിലെ ഒരു പരിപാടിയിലാണ് മഞ്ജു പിള്ള ഇക്കാര്യം പറഞ്ഞത്.

സുജിത് വാസുദേവ് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ജെയിംസ് ആന്‍ഡ് ആലീസ്'. പൃഥ്വിരാജ് ആണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിലെ ചില രംഗങ്ങള്‍ തന്റെയും സുജിത്തിന്റെയും വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്ന് മഞ്ജു പറഞ്ഞു.

'ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തവരായിരിക്കും ഭാര്യയും ഭര്‍ത്താവുമായി വരിക. അവിടെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോവുകയാണ് വേണ്ടത്. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ജെയിംസ് ആന്‍ഡ് ആലീസ് എടുക്കുന്ന സമയത്ത് അതില്‍ ഒന്ന് രണ്ട് സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. മോളെ വിളിക്കാന്‍ മറന്ന് പോവുന്ന രംഗമൊക്കെ, മറന്ന് പോയതല്ല. ഞങ്ങളുടെ ഇടയില്‍ വിന്ന മിസ് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ്. ഞാന്‍ വിചാരിച്ചു പുള്ളി ബൈക്ക് എടുത്ത് പോയപ്പോള്‍ മോളെ വിളിക്കാനാണെന്ന്. പക്ഷേ, സുജിത് വേറെ വഴിക്ക് പോയതായിരുന്നു. ഞാനത് അറിഞ്ഞില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ആക്കിവച്ചു. പുള്ളിയെ വിളിച്ചിട്ടും കിട്ടുന്നില്ല. മോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്,' മഞ്ജു പറഞ്ഞു. ഇതിനു സമാനമായ ഒരു രംഗം ജെയിംസ് ആന്‍ഡ് ആലീസിലും കാണാം.

അന്ന് സംഭവിച്ചത് ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പിലാണ്. കരച്ചിലും ബഹളവുമൊക്കെയായി. അന്ന് തങ്ങള്‍ക്കിടയില്‍ ഡിവോഴ്സ് നടക്കേണ്ടതായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :