വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 5 ഏപ്രില്‍ 2020 (12:57 IST)
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ജനങ്ങൾക്ക് സഹായവുമായി സർക്കാരുകളും എത്തി. ജനങ്ങൾക്ക് സൗജന്യ റേഷനും, കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവുമെല്ലാം സർക്കാർ നൽകുന്നുണ്ട്. ലോക്ഡൗണിൽ സൗജന്യ റേഷൻ വാങ്ങാൻ പോയ അനുഭവം തുറന്നു പറയുകയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു.
കൊറോണ കാലമായതിനാല്‍ ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളില്‍ തന്നെ അടച്ചിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം തുടങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാല്‍ ആദ്യ ദിവസം തന്നെ റേഷന്‍ വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങി. മകന്‍ നിരഞ്ജനൊപ്പമാണ് റേഷന്‍ കടയില്‍ പോയത്.
തിരുവനന്തപുരത്തു ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്കു നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ ചോദിച്ചു.. എങ്ങോട്ടാ? റേഷന്‍ വാങ്ങാനെന്നു പറഞ്ഞപ്പോള്‍ 'സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍' എന്നായിരുന്നു അയാളുടെ പ്രതികരണം.' എനിക്കൊരു നാണക്കേടുമില്ല… ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്' എന്നു പറഞ്ഞു മകനെയും കൂട്ടി നടന്നു.
റേഷന്‍ കടയില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറായിരുന്നു ഇത്. .അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും. അന്നൊക്കെ കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും.
അന്നൊക്കെ റേഷന്‍ കടയില്‍പോകാന്‍ വാടകയ്ക്ക് സൈക്കിള്‍ എടുക്കാന്‍ 25 പൈസ അച്ഛന്‍ തരും. അതു ലാഭിക്കാന്‍ വേണ്ടി നടന്നാണ് കടയില്‍ പോവുക. അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ വാങ്ങി തലയില്‍ വച്ച് വീട്ടിലേക്കു നടക്കും. അരി വീട്ടില്‍ കൊണ്ടുവന്നാലും പണി കഴിയില്ല. അരി നിറയെ കട്ടയും പുഴുവും കല്ലുമായിരിക്കും. അതെല്ലാം പെറുക്കി മാറ്റി വൃത്തിയാക്കി അമ്മയ്ക്കു കൊടുക്കണം. അന്ന് നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. മണിയൻപിള്ള രാജു പറഞ്ഞു.