ജഗതിക്കായി മമ്മൂട്ടി വാശിപിടിച്ചു, ഒടുവില്‍ വഴങ്ങി സംവിധായകന്‍; കാരണം ഇതാണ്

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (11:51 IST)

സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. തങ്ങളുടെ അമ്പിളി ചേട്ടനെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം കാണാമല്ലോ എന്നതാണ് ആരാധകരുടെ ഏറ്റവും വലിയ സന്തോഷം. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ഭാഗത്തിലും ജഗതി ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ സിബിഐയുടെ അസിസ്റ്റന്റ് ഓഫീസറായാണ് ജഗതി മുന്‍ സിനിമകളില്‍ അഭിനയിച്ചത്. വിക്രം എന്നായിരുന്നു ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍.

അഞ്ചാം ഭാഗത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടിയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും സീനില്‍ ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടിയുടെ ആവശ്യം. സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും അത് സമ്മതിച്ചു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സിബിഐ അഞ്ചിലെ ചില രംഗങ്ങള്‍ ജഗതിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലാണ് ചിത്രീകരിക്കുക. സിബിഐയില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി ജഗതിയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ജഗതിക്കായി മമ്മൂട്ടി വാശിപിടിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ചെറിയ രീതിയില്‍ എങ്കിലും അഭിനയിക്കുന്നത് ജഗതിക്ക് മാനസികമായി ഏറെ ആശ്വാസം നല്‍കുമെന്നാണ് സംവിധായകനോട് മമ്മൂട്ടി പറഞ്ഞത്.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :