Happy Birthday Mammootty: ക്ലാസ് കട്ട് ചെയ്ത് ചാന്‍സ് ചോദിച്ചു നടന്ന പൊടിമീശക്കാരന്‍, ഇന്ന് മലയാളത്തിന്റെ മമ്മൂക്ക; മഹാനടന് ജന്മദിനാശംസകള്‍

മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം ഏറെ അലച്ചിലുകള്‍ക്കൊടുവിലായിരുന്നു. പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് ആദ്യമായി മുഖം

രേണുക വേണു| Last Updated: ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (22:06 IST)

Happy Birthday Mammootty: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് 71 ന്റെ ചെറുപ്പം. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. സിനിമയിലെത്തി അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടി ഇന്നും യുവതാരങ്ങള്‍ക്കൊപ്പമാണ് തിരശീലയില്‍ മത്സരിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം ഏറെ അലച്ചിലുകള്‍ക്കൊടുവിലായിരുന്നു. പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. ക്ലാസ് കട്ട് ചെയ്ത് പല സിനിമ സെറ്റുകളിലേക്കും ചാന്‍സ് ചോദിച്ച് മമ്മൂട്ടി പോയിട്ടുണ്ട്. അങ്ങനെയാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ സംവിധായകന്‍ സേതുമാധവന്റെ അടുത്തും മമ്മൂട്ടി എത്തിയത്.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.

കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

മലയാളത്തിന്റെ മഹാനടന് വെബ് ദുനിയ മലയാളത്തിന്റെ ജന്മദിനാശംസകള്‍...





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :