രേണുക വേണു|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (11:25 IST)
നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു. താരത്തിനു ഇപ്പോള്‍ 52 വയസ് കഴിഞ്ഞു.
നടന്‍ പ്രഭുവുമായി ഖുശ്ബു ഡേറ്റിങ്ങില്‍ ആയിരുന്നു. 1991 ല്‍ ചിന്ന തമ്പി എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഖുശ്ബുവും പ്രഭുവും പ്രണയത്തിലാകുന്നത്. 1993 സെപ്റ്റംബര്‍ 12 ന് ഇരുവരും വിവാഹിതരായി. പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്‍ ഈ ബന്ധത്തിനു എതിരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാല് മാസത്തിനു ശേഷം പ്രഭുവും ഖുശ്ബുവും വേര്‍പിരിഞ്ഞു.
രണ്ടായിരത്തില്‍ സംവിധായകനും നിര്‍മാതാവും നടനുമായ സുന്ദറിനെ ഖുശ്ബു വിവാഹം കഴിച്ചു. പിന്നീട് ഖുശ്ബു സുന്ദര്‍ എന്ന് പേര് മാറ്റി. സുന്ദറിനെ വിവാഹം കഴിച്ച ശേഷം ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചു.