കെ ആര്‍ അനൂപ്|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (12:16 IST)
റിവ്യൂ ബോംബിങ് സിനിമ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്ന പരാതിയില്‍ ആദ്യ കേസ് എടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നിര്‍മാതാക്കള്‍ നന്ദി പറഞ്ഞു. വരാനിരിക്കുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ അടക്കം പ്രോട്ടോകോള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍. അതിനു മുന്നോടിയായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍.ഒമാര്‍ക്ക് അക്രഡിറ്റേഷന്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.
നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും ചേര്‍ന്നൊരു യോഗം പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31നാണ് യോഗം. റിവ്യൂ എന്ന പേരില്‍ തിയറ്ററുകളുടെ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. തോന്നിയപോലെ റിവ്യൂ നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുമെന്നാണ് നിര്‍മ്മാതാവ് കൂടിയായ ജി സുരേഷ് കുമാര്‍ പറയുന്നത്.
ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി.റാഹേല്‍ മകന്‍ കോര എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ആണ് പരാതിക്കാരന്‍.