Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (07:58 IST)
ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചതെന്ന് സഹസംവിധായകനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണി.
റോഷന്‍ ആന്‍ഡ്രൂസിന്റെയും എന്റെയും സുഹൃത്താണ് ഈ പെണ്‍കുട്ടി. ഞാന്‍ ഇവരുമായി സൗഹൃദം പുലര്‍ത്തുന്നത് അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നില്ല. യുവതിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞെങ്കിലും ഞാന്‍ അംഗീകരിച്ചില്ല. ഇതോടെ അദ്ദേഹത്തിന് വൈരാഗ്യമായി.
തുടര്‍ന്ന് എന്നെയും കുടുംബത്തെയും കുറിച്ച് പല കാര്യങ്ങളും റോഷന്‍ ആന്‍ഡ്രൂസ് പ്രചരിപ്പിച്ചു. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും, അതിന്റെ പേരില്‍ സഹസംവിധായക സ്ഥാനത്തു നിന്നും പുറത്താക്കിയെന്നും പറഞ്ഞു പരത്തി. എനിക്ക് അയച്ച ഒരു സന്ദേശത്തില്‍ ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ആല്‍വിന്‍ പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും ഭീഷണിയുണ്ട്. വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. നാല്‍പ്പത് ഗുണ്ടകളുമായാണ് അദ്ദേഹം വീട്ടിലേക്ക് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും അനുജത്തിയും ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചത്.
എന്നാല്‍ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. മയക്കുമരുന്നിന്റെ ഉപയോഗം ആല്‍വിനുണ്ടായിരുന്നു. ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു.
വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും സുഹൃത്ത് നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.