അയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത് വിവാഹശേഷം; നടി അഞ്ജുവിന്റെ ജീവിതം

തെന്നിന്ത്യന്‍ നടന്‍ ടൈഗര്‍ പ്രഭാകറിനെയാണ് അഞ്ജു വിവാഹം കഴിച്ചത്

രേണുക വേണു| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (11:21 IST)

തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജു. ബാലതാരമായാണ് അഞ്ജു സിനിമയിലെത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. 1978 മാര്‍ച്ച് 23 നാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 45 വയസ്സാണ് പ്രായം. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമ പോലെ സംഘര്‍ഷഭരിതമായിരുന്നു അഞ്ജുവിന്റെ ജീവിതം.

തെന്നിന്ത്യന്‍ നടന്‍ ടൈഗര്‍ പ്രഭാകറിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിക്കുന്ന സമയത്ത് അഞ്ജുവിന്റെ പ്രായം 17 വയസ്സായിരുന്നു. പ്രഭാകറിന് 47 വയസ്സും !

ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ ഇഷ്ടമല്ലാതായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കാന്‍ തോന്നി. അപ്പോഴാണ് പ്രഭാകറിനെ പരിചയപ്പെടുന്നതെന്നും തങ്ങള്‍ ഇഷ്ടത്തിലായതെന്നും അഞ്ജു പറയുന്നു.

'അദ്ദേഹത്തിന് എന്റെ അച്ഛനെക്കാള്‍ പ്രായമുണ്ട്. അത് പറഞ്ഞ് എന്നെ എല്ലാവരും വഴക്ക് പറയുമായിരുന്നു. പക്ഷെ അറിയില്ല, എനിക്ക് അപ്പോള്‍ പതിനേഴ് വയസ്സായിരുന്നു പ്രായം. കല്യാണം എന്നൊന്നും പറയാന്‍ പറ്റില്ല, ഒന്നര വര്‍ഷം അവര്‍ക്കൊപ്പം ജീവിച്ചു. അത്ര തന്നെ. ഒന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞത്,' അഞ്ജു പറഞ്ഞു.

1995 ലാണ് അഞ്ജുവും പ്രഭാകറും വിവാഹിതരായത്. രണ്ട് വര്‍ഷം ആകും മുന്‍പ് ഈ ബന്ധം പിരിഞ്ഞു. അര്‍ജുന്‍ പ്രഭാകര്‍ ആണ് ഇരുവരുടെയും ഏക മകന്‍. 2001 ല്‍ ടൈഗര്‍ പ്രഭാകര്‍ അന്തരിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :