2007 ജൂ ണ്‍ 24- ഗുരുഗോപിനാഥിന്‍റെ 99 മത് ജയന്തി. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാധനന്മാരായരായ ഇന്ത്യന്‍ നര്‍ത്തകരില്‍ ഒരാളായിരുന്നു ഗുരുഗോപിനാഥ്. കഥകളിയുടെയും ഭാരതീയ നൃത്തകലയുടെയും യശസ്സ് നാടെങ്ങും പ്രചരിപ്പിച്ചത്.
ചുറ്റും വെള്ളം നിറഞ്ഞ കുട്ടനാട്ടിലെ ,സാധാരണ കാര്‍ഷിക കുടംബത്തില്‍ ജനിച്ച,വെറും അഞ്ചാം ക്ളാസു വരെ പഠിച്ച, കഥകളി നര്‍ത്തകനായ ചമ്പക്കുളം ഗോപിനാഥപിള്ള , ഗുരുഗോപിനാഥായി മാറിയത് സ്വന്തം പ്രയത്നം കൊണ്ടും സിദ്ധികൊണ്ടുമായിരുന്നു. സിദ്ധിയും സാധനയും ബുദ്ധിയും പ്രവൃത്തിയും അദ്ദേഹം ഏകോപിപ്പിച്ചു.
ക്രാന്തദര്‍ശിത്വം, വ്യക്തിജീവിതത്തിന്‍റെ ശുദ്ധി, തികഞ്ഞ ഭക്തി, എളിമ, പൂര്‍ണത തേടിയുള്ള പ്രയത്നം, അഭ്യാസത്തിലും അധ്യാപനത്തിലും പരിശീലനത്തിലും ഉള്ള നിഷ്ഠയും കണിശതയും ഗുരുജിയുടെ ഗുണങ്ങളായിരുന്നു.
കേരളത്തിലും ഇന്ത്യയിലും മുപ്പതുകളിലും നാല്‍പ്പതുകളിലും നൃത്തതരംഗമുണ്ടാക്കാന്‍ ഗുരുഗോപിനാഥിന് കഴിഞ്ഞു. ക്ഷേത്രങ്ങളുടേയും കൊട്ടരങ്ങളുടേയും മതില്‍ക്കെട്ടിനകത്തു കഴിഞ്ഞ നൃത്തകലയെ ജനകീയമാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്‍ഷ്യം.
ദില്ലിയില്‍ ശ്രീറാം ഭാരതീയ കലാകേന്ദ്ര ഏറെ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന രാം ലീല ഇന്നു കാണുന്ന മട്ടില്‍ സംവിധാനം ചെയ്തതും, ഭാരതീയ നൃത്തരൂപങ്ങളുടെ ചേരുവകള്‍ ചേര്‍ത്ത് അതിനു നൂതന കാന്തി പകര്‍ന്നതും ഗുരു ഗോപിനാഥായിരുന്നു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക തരുന്നു.