കാനം പറയുന്നതും ഇടത്പക്ഷം കേള്‍ക്കേണ്ടതും

വിഷ്ണു എന്‍ എല്‍| Last Modified വെള്ളി, 17 ജൂലൈ 2015 (14:56 IST)
കേരളത്തില്‍ ബിജെപിയുടെ കടന്നുകയറ്റം ഇന്ന് ഏറെ അലോസരപ്പെടുത്തുന്ന പാര്‍ട്ടി ഏതെങ്കിലുമുണ്ടെങ്കില്‍ അത് സിപി‌എം മാത്രമാണ്. സിപി‌എമ്മിനെ അലോസരപ്പെടുത്തുന്ന എന്തും ഇടത് പക്ഷത്തിന്റെ ഭാവിയേ തന്നെ ചോദ്യം ചെയ്യുന്നതാകും. കേരളത്തില്‍ ഇടത് പക്ഷം അപ്രസക്തമാകുകയാണോ എന്ന ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ തുറന്നുപറച്ചില്‍ കേരളത്തില്‍ അടുത്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടെന്നാണ് കാനം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. വാസ്തവത്തില്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇടത് അനുഭാവികളുടെ ചിന്ത തന്നെയാണ് കാനം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഇടത് പക്ഷത്തിന് കാര്യമായി വോട്ട് നല്‍കിക്ക്കൊണ്ടിരുന്നത് ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇതേവരെയായിട്ടും ന്യൂനപക്ഷ മേഖലയിലേക്ക് കാര്യമായി പ്രവേശിക്കാന്‍ ഇടത്പക്ഷത്തിന് സാധിച്ചിട്ടില്ല.

അതിനിടെയാണ് ഹിന്ദു സമുദായത്തിലെ പ്രബലരായ ഈഴവരും കെ‌പി‌എം‌എസ് പോലുള്ള പിന്നോക്കക്കാരും പാര്‍ട്ടിയെ കൈവിടാന്‍ തുടങ്ങിയിരിക്കുന്നത്. എക്കാലത്തേയും വോട്ട് ബാങ്കുകളായിരുന്ന ഇവരുടെ കൊഴിഞ്ഞുപോക്കാണ് ഇടതുപക്ഷത്തിന്റെ ഭാവി തീരുമാനിക്കുക. ഈ വിഭാഗങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനിടെ ഹിന്ദു സമുദായങ്ങളിലെ പുതുതലമുറ സിപി‌എമ്മില്‍ നിന്ന് അകലാനും തുടങ്ങിയിരിക്കുന്നു എന്നത് ഇടത്പക്ഷത്തിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

'മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടായാൽ അതിനെ തെറ്റുപറയാൻ പറ്റില്ല' എന്ന് കാനം പറഞ്ഞത് ഇടത് പക്ഷം ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് ഇടത് പാര്‍ട്ടികളില്‍ നിന്ന് ബിജെപി- സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഉണ്ടാകുന്ന ഒഴുക്ക്. തിരിച്ചും അങ്ങനെ ഉണ്ടാകുന്നുവെങ്കിലും ഈ കൊഴിഞ്ഞുപോക്ക് അത്ര നല്ല ലക്ഷണമല്ല. കേരളത്തില്‍ ഇടത് പക്ഷത്തിനെ തളര്‍ത്തി വളരുക എന്നതാണ് ബിജെപി സ്വീകരിച്ചിരിക്കുന്ന തന്ത്രം. അതിനായി അവര്‍ നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ കുറ്റം സംഘപരിവാറുകാരുടേതല്ല. പകരം അത് ഇടത് പക്ഷത്തിന്റേതു തന്നെയണ്.

ആര്‍‌എസ്‌എസും ബിജെപിയുമൊക്കെ എന്തുപറഞ്ഞാലും കണ്ണുമടച്ച് വിഴുങ്ങാനും മാത്രം വിവരമില്ലാത്ത ഉത്തരേന്ത്യന്‍ നാടുകള്‍ പോലെയല്ല കേരളം. സാക്ഷരതയിലും ചിന്തയിലും എപ്പോഴും ദേശീയ ധാരകള്‍ക്ക് മാതൃകയും വേറിട്ട വഴിയും കാണിച്ചത് കേരളമാണ്. ഒരു പക്ഷെ ബംഗാളിലെ ബുദ്ധിജീവികളോട് കിടപിടിക്കുന്ന സാംസ്കാരിക, ബൌദ്ധിക തലം മലയാളികള്‍ക്കുണ്ട്. അങ്ങനെയുള്ള മലയാളികള്‍ പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായം ഇടതിനെ കൈവിടുന്നു എങ്കില്‍ അത് കാനം പറഞ്ഞ ധാരണ തന്നെയാണ്. ഏതാനും നാളുകളായി സിപിഎം ന്യൂനപക്ഷങ്ങളെ അമിതമായി ലാളിക്കുന്നു എന്ന ആക്ഷേപം കേരളത്തിലെ ഭൂരിപക്ഷങ്ങൾക്കിടയിൽ ശക്തമാണ്.

ഇക്കാര്യം വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാണിച്ചത് എസ്‌എന്‍‌ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനാണ് എന്നത് യാഥാര്‍ഥ്യം. നടേശന്റെ ചിന്തയോട് എല്ലാ ഈഴവരും യോജിക്കുന്നു എന്നല്ല ഇത് അര്‍ഥമാക്കുന്നത്, ഈഴവരും പിന്നോക്കക്കാരും അങ്ങനെ ചിന്തിച്ചു തുടങ്ങി എന്നാണ് മനസിലാക്കേണ്ടത്. ഇടത് പക്ഷത്തിന്റെ വോട്ട് ബാങ്കെന്ന് പറയുന്നത് ഈഴവരടക്കമുള്ള ഹിന്ദു പിന്നോക്ക വിഭാഗങ്ങളാണ്. ഇവരെ ചാക്കിട്ടു പിടിക്കാന്‍ കേരളത്തില്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ സിപി‌എമ്മും ഇടത് പക്ഷവും വളമിട്ടുകൊടുക്കുകയായിരുന്നു എന്ന് വേണം പറയാന്‍.

ഇടത് പക്ഷം യുഡി‌എഫിനേപ്പോലെ തന്നെ മതന്യൂനപക്ഷങ്ങളുടെ കുഴലൂത്തുകാരാണെന്ന് ബിജെപി പറയുമ്പോള്‍ അല്ലെന്ന് പറയാന്‍ തക്ക കാരണങ്ങള്‍ നിരത്തുന്നതില്‍ ഇടത് പരാജയപ്പെട്ടിരിക്കുന്നു. അടുത്ത തദ്ദേശ ഭരണ തെരഞ്ഞെടുപ്പും തുടര്‍ന്നു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഇടതിനെ വിലയിരുത്താന്‍ പര്യാപ്തമായിത്തീരും. കഴിഞ്ഞ പാര്‍ട്ടി പ്ലീനത്തില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്തണം. പാര്‍ടി അംഗങ്ങള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.

എന്നാല്‍ ഇത് ഫലത്തില്‍ പ്രാവര്‍ത്തികമായത് ഹിന്ദു സഖാക്കളുടെ അടുക്കല്‍ മാത്രമാണ്. കൂടാതെ മറ്റുള്ളവര്‍ക്ക് യതൊരു തടസവും ഉണ്ടായതുമില്ല. ഇത് സംഘപരിവാര്‍ സമര്‍ഥമായി വിനിയോഗിച്ചു. എന്നാല്‍ മുന്‍‌വിധിയോടെ ഇവയെ കാണുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു എന്ന് തന്നെ കരുതേണ്ടിവരും.

1925ൽ രൂപവത്കരിച്ചതുമുതൽ രണ്ടു സമാന്തരരേഖകളായി സഞ്ചരിക്കുന്ന ആർഎസ്എസും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞുകൊണ്ട്, കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ സംവാദത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഇന്നലെ തലശ്ശേരിയിൽ എൻ.ഇ. ബാലറാം, പിപി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവയെണാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

ഇടതുപക്ഷ വോട്ടർമാർ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ചർച്ചയാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുവച്ച് ഇത് വിലയിരുത്താനാവില്ല. എന്നാൽ, രണ്ടു ചിന്താധാരകൾ തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒരു പാർട്ടിവിട്ട് മറ്റേതിലേക്കും തിരിച്ചും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ അവസ്ഥ അപഗ്രഥിക്കാൻ ഇടതുപക്ഷം തയാറാകണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വിഷയത്തില്‍ സിപി‌എം ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

സംവാദങ്ങള്‍ക്കപ്പുറം പച്ചയായ യാഥാര്‍ഥ്യം കിടപ്പുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഇടത്പക്ഷത്തിന് വലത് പക്ഷത്തേക്കളും സ്വാധീനമുണ്ട്. ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ ചെങ്കൊടിക്കുള്ളത്ര പ്രാധാന്യം കേരളത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു പാര്‍ട്ടി പതാകകള്‍ക്കുമില്ല. ഇപ്പോഴുണ്ടായ തിരിച്ചടികളില്‍ പാഠമുൾക്കൊണ്ട് മുന്നോട്ട് പോയില്ലെങ്കില്‍ കേരളത്തേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും കാത്തിരിക്കുന്നത് മറ്റൊരു വിപത്താണ്. കമ്യൂണിസം തകരുമ്പോഴാണ് സഖാക്കളെ കമ്മ്യൂണലിസം വളരുന്നത്. സമത്വം എന്ന ആശയത്തിനു മേലുള്ള ഏതൊരാഘാതവും ആത്യന്തികമായി വര്‍ഗീയതയുടെ വേരുകള്‍ പടര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :