രേണുക വേണു|
Last Modified വെള്ളി, 17 ഡിസംബര്‍ 2021 (08:28 IST)
പരിമിത ഓവറില്‍ ഒരു നായകനും ടെസ്റ്റില്‍ മറ്റൊരു നായകനും മതിയെന്ന രാഹുല്‍ ദ്രാവിഡിന്റെ ഡിമാന്‍ഡ് അംഗീകരിക്കാനാണ് വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയതെന്ന് റിപ്പോര്‍ട്ട്. കോലി ട്വന്റി 20 നായകസ്ഥാനം സ്വയം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദ്രാവിഡ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. ദ്രാവിഡിന്റെ ആവശ്യം അംഗീകരിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ് ദ്രാവിഡ് ചില ഡിമാന്‍ഡുകള്‍ ബിസിസിഐയ്ക്ക് മുന്നില്‍വെച്ചിരുന്നു. അതിലൊന്നാണ് കോലിയുടെ നായകസ്ഥാനം. 2023 ഏകദിന ലോകകപ്പിന് മുന്‍പ് ക്യാപ്റ്റന്‍സിയില്‍ മാറ്റം വേണമെന്നായിരുന്നു ദ്രാവിഡിന്റെ നിലപാട്. ട്വന്റി 20 ലോകകപ്പിലെ ദയനീയ പുറത്താകല്‍ കൂടി ആയപ്പോള്‍ കോലിയുടെ നായകസ്ഥാനം അതിവേഗം തെറിക്കാന്‍ കളമൊരുങ്ങി.
ട്വന്റി 20 യിലും ഏകദിനത്തിലും വ്യത്യസ്ത നായകന്‍മാര്‍ എന്ന രീതി ബിസിസിഐയ്ക്ക് താല്‍പര്യമില്ല. രാഹുല്‍ ദ്രാവിഡിനും അങ്ങനെ തന്നെ. ട്വന്റി 20 യില്‍ രോഹിത് ശര്‍മയും ഏകദിനത്തില്‍ വിരാട് കോലിയും നായകന്‍മാരായി തുടരുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നായിരുന്നു ദ്രാവിഡിന്റെ വിലയിരുത്തല്‍. ദ്രാവിഡിന്റെ ആവശ്യം അംഗീകരിച്ച ബിസിസിഐ കോലിയുടെ ഏകദിന നായകസ്ഥാനം രോഹിത് ശര്‍മയ്ക്ക് കൈമാറുകയായിരുന്നു. അതേസമയം, കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ദ്രാവിഡ് പൂര്‍ണ തൃപ്തനാണ്.