രേണുക വേണു|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (21:26 IST)
ഏകദിന നായകസ്ഥാനത്ത് നിന്ന് സ്വയം മാറില്ലെന്ന് വിരാട് കോലി നേരത്തെ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ട്വന്റി 20 നായകസ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തിലാണ് ബിസിസിഐയോട് കോലി ഭാവി നിലപാട് അറിയിച്ചത്. ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്നും ഏകദിന, ടെസ്റ്റ് നായകസ്ഥാനത്ത് തുടരാനാണ് താല്‍പര്യമെന്നും കോലി ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ഏകദിന, ടെസ്റ്റ് നായകസ്ഥാനത്ത് തുടരുന്നതില്‍ ബോര്‍ഡ് അധികൃതര്‍ക്കോ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കോ എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോലി ബിസിസിഐയോട് പറഞ്ഞിരുന്നു. ട്വന്റി 20 നായകസ്ഥാനം രാജിവയ്ക്കുന്ന സമയത്ത് കോലി ഇങ്ങനെ പറഞ്ഞതാണ് കൂടുതല്‍ ചര്‍ച്ചകളൊന്നും ഇല്ലാതെ കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.