പഞ്ചാബ് കിംഗ്സ് സാം കറനായി മുടക്കിയത് 18.5 കോടി, താരലേലത്തിലെ വിലയേറിയ 10 താരങ്ങൾ ഇവർ

അഭിറാം മനോഹർ| Last Updated: ശനി, 24 ഡിസം‌ബര്‍ 2022 (11:54 IST)
ഐപിഎല്ലിൽ താരങ്ങൾക്കായി കോടികൾ ഒഴുക്കി ഫ്രാഞ്ചൈസികൾ. ബെൻ സ്റ്റോക്സ്, സാം കറൻ, ഹാരീ ബ്രൂക്ക്സ് അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎല്ലിൽ നേട്ടമുണ്ടാക്കിയത്. പഞ്ചാബ് കിംഗ്സ് 18.50 കോടി രൂപ മുടക്കിയാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന താരമായി മാറി.

ഓസീസ് ഓൾ റൗണ്ടറായ കാമറൂൺ ഗ്രീനിനായി 17.5 കോടി രൂപയാണ് മുംബൈ ഇന്ത്യൻസ് മുടക്കിയത്. കിറോൺ പൊള്ളാർഡിൻ്റെ അസാന്നിധ്യത്തിൽ ദീർഘകാലത്തേക്കുള്ള വാങ്ങലായാണ് ഇതിനെ വിലയിരുത്തുന്നത്. സമാനമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപ മുടക്കി ചെന്നൈ ടീമിലെത്തിച്ചു. സ്റ്റോക്സിൻ്റെ പരിചയസമ്പത്തിലും വലിയ മാച്ചുകളിലെ മികച്ച പ്രകടനങ്ങളിലുമാണ് ചെന്നൈ വിശ്വസിക്കുന്നത്.

വിൻഡീസ് താരമായ നിക്കോളാസ് പൂറാനാണ് ഉയർന്ന വില സ്വന്തമാക്കിയ മറ്റൊരു താരം. 16 കോടി രൂപ മുടക്കിയാണ് ലഖ്നൗ താരത്തെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിൻ്റെ പുത്തൻ താരോദയമായ ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 8.25 കോടി രൂപയ്ക്ക് ഇന്ത്യൻ താരം മായങ്ക് അഗർവാളിനെയും അവർ ടീമിലെത്തിച്ചു.

6 കോടി രൂപയ്ക്കാണ് ബൗളർ ശിവം മാവിയെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചത്. ജേസൺ ഹോൾഡറിനായി രാജസ്ഥാൻ 5.75 കോടിയും ബൗളിങ് താരം മുകേഷ് കുമാറിനായി ഡൽഹി ക്യാപ്പിറ്റൽസ് 5.5 കോടി രൂപയും മുടക്കി. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറി ക്ലാസനെ 5.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദും ടീമിലെത്തിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :