അഭിറാം മനോഹർ|
Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:33 IST)
ഏഷ്യാകപ്പിൽ അഫ്ഗാനെതിരെ തകർപ്പൻ സെഞ്ചുറിയിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന
ടി20 ലോകകപ്പിൽ ഇന്ത്യൻ സാധ്യതകൾ കോലിയുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നതിനാൽ കോലിയുടെ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഇതിനിടയിൽ ഈ ടി20 ലോകകപ്പിന് ശേഷം ടി20 ഫോർമാറ്റിൽ നിന്നും കോലി
വിരമിക്കൽ പ്രഖ്യാപനം നടത്തിയേക്കാം എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ പാക് താരമായിരുന്ന ഷൊയേബ് അക്തർ. മറ്റ് ഫോർമാറ്റുകളിൽ കൂടുതൽ ശ്രദ്ധ നൽകാനായി ടി20 ഫോർമാറ്റിൽ നിന്നും കോലി വിരമിക്കുമെന്നാണ്
അക്തർ പറയുന്നത്. കഴിഞ്ഞ ദിവസം മുൻ പാക് താരമായ ഷാഹിദ് അഫ്രീദിയും കോലിയുടെ വിരമിക്കലിനെ പറ്റി പ്രതികരിച്ചിരുന്നു.
104 രാജ്യാന്തര ടി20കളിൽ നിന്ന് 51.94 ശരാശരിയിൽ 3584 റൺസാണ് കോലി ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച അവസാനിച്ച ഏഷ്യാകപ്പിൽ 92 ശരാശരിയിൽ 276 റൺസാണ് കോലി നേടിയത്. ടി20 ഫോർമാറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയും ഈ ഏഷ്യാകപ്പിലാണ് കോലി നേടിയത്.