രേണുക വേണു|
Last Modified ശനി, 26 നവംബര്‍ 2022 (12:25 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനു തോറ്റതിനു പിന്നാലെ യുവതാരങ്ങളായ സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരിം. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ അധിക സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നതായി സാബാ കരിം അഭിപ്രായപ്പെട്ടു.
ടീമിലെ സ്ഥാനം നിലനിര്‍ത്താനാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ അത് സെല്‍ഫിഷ് ക്രിക്കറ്റാണ് കളിക്കുന്നത്. ഇങ്ങനെ കളിച്ചാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയില്ലെന്നും സാബാ കരിം പറഞ്ഞു.
' ടീമില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കാനാണ് സഞ്ജുവും ശ്രേയസ് അയ്യരും ശ്രമിക്കുന്നത്. അതുകൊണ്ട് ഭയമില്ലാതെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ടീമിലെ തങ്ങളുടെ സ്ഥാനങ്ങളെ കുറിച്ച് പല താരങ്ങള്‍ക്കും സുരക്ഷിതത്വക്കുറവ് തോന്നും. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്. ഭയം ഇല്ലാതായാല്‍ അവരുടെ സമീപനത്തില്‍ മാറ്റം വരും. സ്വന്തം സ്ഥാനം സംരക്ഷിക്കാന്‍ കളിക്കുമ്പോള്‍ ജയിക്കാന്‍ വേണ്ടിയല്ല നിങ്ങള്‍ കളിക്കുന്നത്. നിങ്ങള്‍ കളിക്കുന്നത് സെല്‍ഫിഷ് ക്രിക്കറ്റാണ്, സാബാ കരിം പറഞ്ഞു.