‘കസബ’യിലെ അശ്ലീല സംഭാഷണം: മമ്മൂട്ടിയെപ്പോലെയുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയരുതായിരുന്നു; ചിത്രത്തിലെ സ്ത്രീവിരുദ്ധതക്കെതിരേ വനിതാ കമ്മീഷന്‍ നടപടിക്ക്

സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട മമ്മൂട്ടി നായകനായ പുതിയ ചിത്രം ‘കസബ’യുടെ കാര്യത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നു‍.

kasaba, mammootty, nithin ranji panikkar, vanitha commission, mohanlal, kc rosakkutty, police കസബ, മമ്മുട്ടി, നിതിന്‍ രഞ്ജി പണിക്കര്‍, വനിതാ കമ്മിഷന്‍, മോഹന്‍ലാല്‍, കെ സി റോസക്കുട്ടി, പൊലീസ്
സജിത്ത്| Last Modified ചൊവ്വ, 12 ജൂലൈ 2016 (13:36 IST)
സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട മമ്മൂട്ടി നായകനായ പുതിയ ചിത്രം ‘കസബ’യുടെ കാര്യത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നു‍. സമൂഹത്തിലെ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന വൃത്തികെട്ട സംഭാഷണങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി വ്യക്തമാക്കി.

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്ന രംഗമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരേ റാങ്കിലുള്ള ഒരു സ്ത്രീയോടായിരുന്നു നായകന്റെ ഇത്തരത്തിലുള്ള സംസാരം. സ്ത്രീവിരുദ്ധതയെ മാത്രമല്ല എല്ലാ പൊലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ആ സംഭാഷണം. കൂടാതെ മറ്റനേകം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും ചിത്രത്തിലുണ്ട്. എല്ലാം പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ സി റോസക്കുട്ടി അറിയിച്ചു.

അഭിനയരംഗത്ത് ദീര്‍ഘകാലത്തെ അനുഭവമുള്ള മമ്മൂട്ടിയെപ്പോലെയുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയരുതായിരുന്നു. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. തിരക്കഥയില്‍ അത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു മമ്മുട്ടി പറയേണ്ടിയിരുന്നതെന്നും റോസക്കുട്ടി കുറ്റപ്പെടുത്തി. സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കടന്നുപിടിച്ച് മമ്മൂട്ടി അശ്ലീല സംഭാഷണം നടത്തുന്ന രംഗമാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചത്. മാസമുറ തെറ്റിക്കാന്‍ തനിക്ക് കഴിയുമെന്നായിരുന്നു നായകന്റെ വാക്കുകള്‍.

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും സിനിമയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുകയും ചെയ്യുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :