നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (11:30 IST)
മുംബൈ: സൽമാൻ ഖാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിക്കന്ദർ. ചിത്രത്തിന്റെ ട്രെയിലർ ഞായറാഴ്ചയാണ് പുറത്തിറക്കിയത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായിക. 59 വയസ്സുള്ള സല്‍മാന്‍ ഖാന്‍റെ നായികയായി 28 വയസ്സുള്ള രശ്മിക മന്ദാന എത്തുന്നത് വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഇത്തരം ട്രോളുകൾക്ക് സൽമാൻ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ട്രോളുകൾക്ക് ശക്തമായ മറുപടി നൽകി സൽമാൻ ഭാവിയിൽ രശ്മികയുടെ മകൾക്കൊപ്പം അഭിനയിക്കാനും താന്‍ തയ്യാറാണ് എന്നാണ് പറഞ്ഞത്.
സല്‍മാനും രശ്മികയും തമ്മിലുള്ള 31 വയസ്സിന്‍റെ പ്രായ വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'നായികയ്ക്ക് പ്രശ്നം ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഒരു കാലത്ത് അവര്‍ (രശ്മിക) വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടി ഉണ്ടായാല്‍, ആ കുട്ടി വളര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ അവരുടെ കൂടെയും ഞാന്‍ ജോലി ചെയ്യും, അമ്മ അനുവദിച്ചാല്‍' എന്നാണ് സല്‍മാന്‍ പറഞ്ഞത്.
ഇതേ ചടങ്ങില്‍ രശ്മിക മന്ദാനയുടെ സമർപ്പണത്തെയും ജോലിയോടുള്ള ആത്മാര്‍ത്ഥതയെയും
സൽമാൻ ഖാൻ പ്രശംസിച്ചു. രശ്മികയുടെ പെരുമാറ്റം തന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിച്ചുവെന്ന് നടൻ വെളിപ്പെടുത്തി. പുഷ്പ 2, സിക്കന്ദർ എന്നീ രണ്ട് പ്രധാന പ്രോജക്ടുകൾ ഒരേസമയം രശ്മിക കൈകാര്യം ചെയ്യുകയായിരുന്നുവെന്നും കാലൊടിഞ്ഞതിനുശേഷവും രശ്‌മിക ഷൂട്ടിംഗ് തുടർന്നുവെന്നും സൽമാൻ പറയുന്നു.