എനിക്ക് ലൂസ് പാൻ്റും വള്ളിചെരിപ്പും, കൂടെ ഫ്രഷ് ആപ്പിൾ പോലെയുള്ള മമ്മൂട്ടി: ദളപതിയിൽ മണിരത്നത്തെ പറ്റിച്ച കഥ പറഞ്ഞ് രജനീകാന്ത്

സംവിധായകൻ മണിരത്നത്തോടൊപ്പം ദളപതി സിനിമയിൽ അഭിനയിച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ രജനീകാന്ത്.

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (20:01 IST)
സംവിധായകൻ മണിരത്നത്തോടൊപ്പം ദളപതി സിനിമയിൽ അഭിനയിച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് നടൻ രജനീകാന്ത്. പൊന്നിയിൻ സെൽവൻ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനി.

ദളപതി ഷൂട്ടിൻ്റെ ആദ്യ ദിവസം, മൈസൂരാണ് ഷൂട്ടിങ് നടക്കുന്നത്. ഞാനൊരു ഹിന്ദി സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അർധരാത്രിയാണ് എത്തുന്നത്. പിറ്റേന്ന് തന്നെ ഞാൻ മേക്കപ്പിനായി പോയി. മേക്കപ്പിൻ്റെ ആവശ്യമില്ല കുറച്ച് ഫൗണ്ടേഷൻ മാത്രം മതിയെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നതെന്ന് മെയ്ക്കപ്പ് മാൻ. എനിക്ക് ആകെ ആശങ്കയായി നല്ല ഫ്രഷ് ആപ്പിൾ പോലെ ഇരിക്കുന്ന മമ്മൂട്ടിയുടെ ഒപ്പമാണ് അഭിനയിക്കേണ്ടത്.

അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. ഭയങ്കര ലൂസായ പാൻ്സാണ് വേഷം. ഞാനത് നേരെയാക്കാൻ പറഞ്ഞു. വള്ളിചെരുപ്പിന് പകരം ഞാൻ എൻ്റെ വാക്കിങ് ഷൂ തന്നെ ഇട്ടു. മനസില്ലാമനസോടെ എന്നെ അടിമുടി നോക്കി മണിരത്നം സമ്മതിച്ചു. ഒരു നദിക്കരയിലാണ് ചിത്രീകരണം ഞാനും ശോഭനയും റെഡിയായി നിന്നെങ്കിലും അന്ന് ഷൂട്ടിങ് നടന്നില്ല. സെറ്റിൽ മണിരത്നവും ഭാര്യയായ സുഹാസിനിയും മറ്റ് അണിയറപ്രവർത്തകരും എന്തെല്ലാമോൽ ചർച്ചയിലായിരുന്നു.

സാറിനെ മാറ്റി ഇനി കമൽഹാസനെ കൊണ്ടുവരാനുള്ള ചർച്ചയാണോ എന്ന് ശോഭന. പിറ്റേ ദിവസം ഒന്നും പറയാതെ അവർ തന്ന കോസ്റ്റ്യൂം ഇട്ടു. ഷൂട്ടിങ്ങും തുടങ്ങി. ഒന്നും ഒകെ ആകുന്നില്ല ഒരു 12,13 വട്ടമൊക്കെ റീടേയ്ക്ക് പോകും. ഞാൻ എന്ത് ചെയ്തിട്ടും മണിരത്നം ഓകെ ആകുന്നില്ല. ഫീൽ ഫീൽ എന്ന് മണിരത്നം പറയും എന്ത് ഫീൽ? എന്നാകും ഞാൻ ആലോചിക്കുന്നത്. അവസാനം രക്ഷനേടാൻ കമലിനോട് ചോദിക്കാമെന്ന് കരുതി.

കമൽ ചിരിച്ച് ഒരു ഉപദേശം തന്നു. മണിരത്നം എന്തെങ്കിലും പറയുമ്പോൾ അഭിനയിച്ചു കാണിച്ചുതരാൻ ആവശ്യപ്പെടുക. അത് കണ്ട് ഗഹനമായി ചിന്തിക്കുന്നത് പോലെ കാണിക്കുക. എല്ലാം മനസിലായെന്ന് പറഞ്ഞ് മണിരത്നം ചെയ്തത് പോലെ തന്നെ ചെയ്യുക. അത്രയും മതിയെന്നായിരുന്നു ഉപദേശം. അങ്ങനെയായിരുന്നു ദളപതിയിൽ മണിരത്നത്തെ പറ്റിച്ചത്. രജനീകാന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :