രേണുക വേണു|
Last Modified ശനി, 6 ജനുവരി 2024 (13:51 IST)
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ 'കാതല്‍: ദി കോറി'നെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിലെ മഹത്താട ഏടെന്ന് മെഹ്ത എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഒരു വ്യക്തിയെ സ്വയം സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് ഈ സിനിമയെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.
' കാതല്‍ ദി കോര്‍ സ്വയം സ്‌നേഹിക്കാനുള്ള വളരെ ആര്‍ദ്രവും സ്‌നേഹപൂര്‍വ്വകവുമായ മുദ്രാവാക്യമാണ്. മമ്മൂക്ക തന്റെ വിശാലമായ സിനിമ കരിയറില്‍ മഹത്തായ ഒരു ഏട് കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളായ അദ്ദേഹം എത്ര മികച്ച പ്രകടനമാണ് കാതലില്‍ നടത്തിയിരിക്കുന്നത്. ജ്യോതിക, സത്യസന്ധതയും സഹാനുഭൂതിയും തോന്നുന്ന പ്രകടനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. അവര്‍ക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. കലയുടെ മഹത്തായ സമന്വയം തന്നെയാണ് കാതല്‍. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.' ഹന്‍സല്‍ മെഹ്ത കുറിച്ചു.
'ഇതാ സുന്ദരമായ ഒരു സിനിമ' എന്നാണ് രാജ് ബി ഷെട്ടി കാതല്‍ കണ്ട ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളത്തിനു പുറത്തുനിന്ന് ഒട്ടേറെ പേരാണ് കാതലിനെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് കാതലിന്റെ ഒ.ടി.ടി റിലീസ്.