ഡിഗ്രി കഴിഞ്ഞ സമയത്ത് പുകവലി തുടങ്ങി, അമ്മ വഴക്ക് പറഞ്ഞപ്പോള്‍ നിര്‍ത്തി; മുറുക്കി മുറുക്കി നാക്കും പല്ലും ചുവന്നപ്പോള്‍ അമ്മ ഡ്രാക്കുള എന്ന് വിളിച്ചു

രേണുക വേണു| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (09:39 IST)

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ജഗതി ഇപ്പോള്‍ പതുക്കെ പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ജഗതിയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തനിക്കുണ്ടായിരുന്ന ദുശീലങ്ങളെ കുറിച്ച് ജഗതി മനസ് തുറക്കുന്ന വീഡിയോയാണ് ഇത്. കൈരളി ടിവിയിലെ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് സംസാരിക്കുന്നത്.

ഡിഗ്രി കഴിഞ്ഞ സമയത്താണ് താന്‍ പുകവലി തുടങ്ങിയതെന്ന് ജഗതി പറയുന്നു. പിന്നീട് ശബ്ദത്തിനു പ്രശ്‌നം വന്നു തുടങ്ങിയപ്പോള്‍ തനിക്ക് തന്നെ പുകവലി പ്രശ്‌നമായി തോന്നി തുടങ്ങിയെന്നും ജഗതി പറഞ്ഞു. മകന്‍ പുകവലിക്കുന്നത് കണ്ട് ജഗതിയുടെ അമ്മ എപ്പോഴും ഉപദേശം നല്‍കിയിരുന്നു. 'എടാ, ഒരു കലാകാരന്‍ എന്ന് പറയുമ്പോള്‍ നിന്റെ ശബ്ദം, നിന്റെ മുഖം, നിന്റെ ആരോഗ്യം ഇതൊക്കെയാണ് ഏറെ പ്രധാനപ്പെട്ടത്. അതിന് ഹാനികരമാകുന്നതൊന്നും നീ ചെയ്യരുത്,' എന്നാണ് അമ്മ തന്നോട് പറഞ്ഞിരുന്നതെന്ന് ജഗതി ഓര്‍ക്കുന്നു. അമ്മയുടെ ഉപദേശത്തിനു ശേഷവും താന്‍ സിഗരറ്റ് വലി തുടര്‍ന്നതായി ജഗതി പറയുന്നു. പിന്നീട് ഏതാണ്ട് രണ്ട് വര്‍ഷം പുകവലി തുടര്‍ന്നെന്നും അതിനുശേഷമാണ് വലി നിര്‍ത്തിയതെന്നും ജഗതി പറഞ്ഞു.

ചില സമയത്ത് ഞാന്‍ മൂക്കില്‍ പൊടി വലിക്കും. ചിലപ്പോള്‍ പാക്ക് കഴിക്കും. ചില സമയത്ത് മുറുക്കും. തലയ്ക്ക് ഒരു പെരുപ്പ് കിട്ടാന്‍ വേണ്ടിയാണ് മുറുക്കുന്നത്. മുറുക്കി മുറുക്കി പല്ലും നാക്കുമെല്ലാം ചുമന്ന് തുടങ്ങി. പല്ലും നാക്കുമെല്ലാം ചുവന്ന് ഇപ്പോള്‍ ഡ്രാക്കുളയുടെ പോലെ ഉണ്ട് കാണാന്‍ എന്നാണ് അമ്മ ആ സമയത്ത് തന്നോട് പറഞ്ഞിരുന്നതെന്നും ജഗതി ഓര്‍ക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :