Dulquer Salman upcoming movies: നഹാസിനൊപ്പവും സൗബിനൊപ്പവും സിനിമകളുണ്ട്, ഗിരീഷ് എ ഡി ചിത്രവും ഉടനെയെത്തും, മലയാളത്തിൽ സജീവമാകാൻ ദുൽഖർ

Dulquer Salman
അഭിറാം മനോഹർ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (08:49 IST)
Dulquer Salman
മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം വിട്ട് മറ്റ് ഭാഷകളിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ ദുല്‍ഖര്‍ സിനിമകളുടെ വരവ് തീരെ കുറഞ്ഞതായി ആരാധകര്‍ക്ക് ഏറെക്കാലമായി അഭിപ്രായമുണ്ട്. 14 മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം മറ്റ് ദുല്‍ഖര്‍ സിനിമകള്‍ ഒന്നും തന്നെ പുറത്തിറങ്ങിയിരുന്നില്ല.


ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം താന്‍ മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. തന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമയായ ലക്കി ഭാസ്‌ക്കറിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് കൊച്ചിയിലെത്തിയപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഹാസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമകളില്‍ താന്‍ അഭിനയിക്കുമെന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു പുതിയ സംവിധായകനൊപ്പവും സിനിമയുണ്ടാകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ഞാനിപ്പോളോരു പ്രവാസി മലയാളിയെ പോലെയാണ്. കുറെ നാളുകള്‍ കഴിഞ്ഞ് നാട്ടില്‍ വന്നിരിക്കുകയാണ്. പക്ഷേ നിങ്ങളുടെ സ്‌നേഹത്തിനും എനര്‍ജിക്കും ഒരു മാറ്റവും ഇല്ല. മാറി നിന്നതായി എനിക്ക് തോന്നിയിട്ടില്ല. ഇനി എന്തായാലും ഉടനെ ഒരു മലയാളം പടമുണ്ടാകും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സംവിധായകര്‍ക്കൊപ്പമാണ്. നഹാസിനൊപ്പവും സൗബിനൊപ്പവുമുള്ള സിനിമകള്‍ കണ്‍ഫോം ചെയ്യുകയാണ്. നമ്മുടെ നാടിനെ ഭയങ്കരമായി ആഘോഷിക്കുന്നൊരു പുതുമുഖ സംവിധായകന്റെ സിനിമയും ഉണ്ട്. അതല്ലാതെ വേറെ കുറെ പടങ്ങളും ചര്‍ച്ചയിലാണ്. മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല. നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്തില്ലെങ്കില്‍ അത് എന്റെ കരിയറിനോട് കാണിക്കുന്ന നന്ദികേടാകും. ദുല്‍ഖര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :