WEBDUNIA|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (15:26 IST)
PRO
മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് ഇപ്പോഴും പ്രകാശ് രാജ്. തന്‍റെ സിനിമാ ജീവിതത്തിന്‍റെ മറ്റൊരു ലക്‍ഷ്യം കൂടി പൂര്‍ത്തീകരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. അഭിനയത്തിന് തല്‍ക്കാലം അവധി നല്‍കി സംവിധാനത്തിലേക്ക് ശ്രദ്ധതിരിക്കുകയാണ് താരം. തന്‍റെ മാതൃഭാഷയായ കന്നഡയിലാണ് പ്രകാശ് രാജ് ആദ്യ ചിത്രം ഒരുക്കുന്നത്.
തമിഴ് ചിത്രമായ ‘അഭിയും നാനും’ കന്നഡത്തിലേക്ക് റീമേക്ക് ചെയ്യുകയാണ് പ്രകാശ് രാജ്. “ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏതു ഭാഷയിലാകണമെന്ന് ഏറെക്കാലമായി ആലോചിക്കുകയായിരുന്നു. ഒടുവില്‍ കന്നഡയില്‍ തന്നെ മതിയെന്നു തീരുമാനിച്ചു. അഭിയും നാനും എന്ന തമിഴ് ചിത്രമാണ് ഞാന്‍ കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. ആ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയിലും ഞാന്‍ തന്നെ അവതരിപ്പിക്കും. നാനു നന്ന കനസൂ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രശസ്ത നടി രമ്യയാണ് എന്‍റെ മകളായി വേഷമിടുന്നത്” - പ്രകാശ് രാജ് വ്യക്തമാക്കി.
രാധാമോഹന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു അഭിയും നാനും. സ്നേഹനിധിയായ ഒരു അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രകാശ് രാജ് തന്നെയായിരുന്നു അഭിയും നാനും നിര്‍മ്മിച്ചത്. കന്നഡച്ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രകാശ് തന്നെയാണ്.
അതേ സമയം, പ്രകാശ് രാജ് വില്ലനായി അഭിനയിച്ച ഹിന്ദി ചിത്രം ‘വാണ്ടഡ്’ ചരിത്ര വിജയമാണ് നേടുന്നത്. ഇതോടെ ബോളിവുഡില്‍ നിന്ന് പ്രകാശ് രാജിനെ തേടി അവസരങ്ങളുടെ പെരുമഴയാണ്. അമരീഷ് പുരിയുടെ പകരക്കാരനെന്നാണ് പ്രകാശ് രാജിനെ ഹിന്ദി സിനിമാലോകം വാഴ്ത്തുന്നത്.