കര്‍ണാടക ജനതാ പാര്‍ട്ടി നിലവില്‍ വന്നു

ഹാവേരി| WEBDUNIA|
PRO
PRO
ബി ജെ പി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ നേതൃത്വം നല്‍കുന്ന കര്‍ണാടക ജനതാ പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വന്നു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയിലാണ് പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യദ്യൂരപ്പ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.

ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന റാലിയില്‍ യദ്യൂരപ്പ അനുകൂലികളായ പത്തോളം ബി ജെ പി എംഎല്‍എമാരും പങ്കെടുത്തു. ജനതാദള്‍ എസിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന നടി പൂജാ ഗാന്ധിയും യദ്യൂരപ്പയുടെ പുതിയ പാര്‍ട്ടിയില്‍ അംഗമാണ്‌. 12 മന്ത്രിമാരും, അസംബ്ലിയിലും കൌണ്‍സിലിലുമായി 40 അംഗങ്ങളും തനിക്കൊപ്പം ഉണ്ടെന്നാണ് യദ്യൂരപ്പ അവകാശപ്പെടുന്നത്.

ദക്ഷിണേന്ത്യയില്‍ ബി ജെ പി ആദ്യമായി അധികാരത്തിലെത്തിയ സംസ്ഥാനമാണ് കര്‍ണാടക. യദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു അത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2011 ജൂലൈയില്‍ ആണ് യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അനധികൃത ഖനനവിവാദം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയെക്കെതിരെയും ബി ജെ പി മന്ത്രിമാര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

ഇതേതുടര്‍ന്ന് ബി ജെ പി കേന്ദ്രനേതൃത്വം യെദ്യൂ‍രപ്പയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജിവയ്ക്കാന്‍ ആദ്യം യെദ്യൂരപ്പ തയ്യാറായിരുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് പിന്തുണയോടെ ബി ജെ പി നേതൃത്വം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ യെദ്യൂരപ്പ രാജിക്ക് സന്നദ്ധനാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :