ബി ജെ പി വിട്ടിറങ്ങിയത് കര്‍ണാടകയിലെ രാഷ്ട്രീയ സിംഹം

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PTI
ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് മേല്‍‌വിലാസമുണ്ടാക്കിക്കൊടുത്ത നേതാവാണ് ഇന്ന് കണ്ണീരോടെ പാര്‍ട്ടി വിട്ടത്. നാലുപതിറ്റാണ്ടുകാലം കര്‍ണാടകയില്‍ ബി ജെ പി എന്നാല്‍ യദ്യൂരപ്പയായിരുന്നു. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് ബി ജെ പി ആദ്യമായി അധികാരത്തില്‍ വരുന്നത് യദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു. 2008 മേയ് മാസം മുതല്‍ 2011 ജൂലൈ 31 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ഭാവിയില്‍ നരേന്ദ്രമോഡിക്കുപോലും ഭീഷണിയായേക്കുന്ന നേതാവ് എന്ന പ്രതീതി സൃഷ്ടിച്ച യദ്യൂരപ്പയ്ക്ക് മേല്‍ രാഷ്ട്രീയ നിര്‍ഭാഗ്യത്തിന്‍റെ കരിനിഴല്‍ വീണത് അനധികൃത ഖനനത്തിന്‍റെ പേരില്‍ ലോകായുക്ത പരാമര്‍ശമുണ്ടായതോടെയാണ്. അധികാരം വിട്ടൊഴിഞ്ഞതോടെ ബി ജെ പി നേതൃത്വവും യദ്യൂരപ്പയും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ആഴം വര്‍ദ്ധിച്ചുവന്നു.

ഒന്നുകില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനം തിരിച്ചുനല്‍കുക. അല്ലെങ്കില്‍ കര്‍ണാടകയില്‍ ബി ജെ പിയുടെ അധ്യക്ഷസ്ഥാനം നല്‍കുക. ഇവയായിരുന്നു ബി ജെ പി നേതൃത്വത്തിന് മുന്നില്‍ യദ്യൂരപ്പ മുന്നോട്ടുവച്ച ആവശ്യങ്ങള്‍. എന്നാല്‍ ഇതൊന്നിനും പാര്‍ട്ടി വഴങ്ങിയില്ല. അതോടെ, പാര്‍ട്ടി വിട്ടിറങ്ങുക എന്നതല്ലാതെ മറ്റ് മാര്‍ഗമില്ലാതെയായി കര്‍ണാടകയിലെ രാഷ്ട്രീയ സിംഹത്തിന്.

താന്‍ പടിയിറങ്ങാന്‍ കാരണം ബി ജെ പിയിലെ നേതാക്കള്‍ തന്നെയാണെന്നാണ് യദ്യൂരപ്പ കണ്ണീരോടെ പറയുന്നത്. താന്‍ പാര്‍ട്ടിയിലുണ്ടാകണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. ‘പാര്‍ട്ടി എനിക്ക് എല്ലാം തന്നു. ഞാന്‍ എന്‍റെ ജീവിതം തന്നെ പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തു’ - യദ്യൂരപ്പ വികാരഭരിതനായി പറഞ്ഞു.

ഡിസംബര്‍ 10നാണ് യദ്യൂരപ്പ കര്‍ണാടകയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2013 മേയ് മാസത്തില്‍ കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുകയാണ്. യദ്യൂരപ്പയുടെ പുതിയ പാര്‍ട്ടിക്ക് കര്‍ണാടകയില്‍ വലിയ ചലനം സൃഷ്ടിക്കാനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍, കര്‍ണാടകയിലെ ബി ജെ പിക്ക് അത് കനത്ത തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :