യൂ ലിപ് പോളിസി: വ്യവസ്ഥകള്‍ കര്‍ശനമാക്കി

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 4 മെയ് 2010 (17:59 IST)
PRO
ഓഹരിയധിഷ്ഠിത ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഇന്‍ഷുറന്‍സ് നിയന്ത്രകരായ ഐആര്‍‌ഡി‌എ കര്‍ശനമാക്കി. യൂ ലിപ് പോളിസികളുടെ നിയന്ത്രണാവകാ‍ശത്തിന്‍റെ പേരില്‍ സെബിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്‍റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് സൂചന.

എന്നാല്‍ ഒരു സാധാരണ നടപടി മാത്രമായാണ് ഇതിനെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വിലയിരുത്തുന്നത്. പുതിയ വ്യവസ്ഥകള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ഉപയോക്താവ് മരണമടഞ്ഞാല്‍ ഏത് യൂലിപ് പോളിസിയാണെങ്കിലും ഒരു നിശ്ചിതസംഖ്യ നല്‍കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ യൂ ലിപ് പോളിസിയില്‍ നിന്നുള്ള വായ്പ ഐ‌ആര്‍‌ഡി‌എ വിലക്കിയിരുന്നു. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത സംഖ്യ പിന്‍‌വലിക്കാമെന്ന ബദല്‍ വ്യവസഥയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഈ സൌകര്യവും വിലക്കിയിരിക്കുകയാണ്.

യൂ‌ ലിപ് ഓഹരികളുടെ നിയന്ത്രണാവകാശം സംബന്ധിച്ച് ഓഹരി നിയന്ത്രകരായ സെബിയും ഐ‌ആര്‍‌ഡി‌എയും തമ്മില്‍ പരസ്യമായ തര്‍ക്കം ഉടലെടുത്തിരുന്നു. കഴിഞ്ഞ മാസം അംഗീകാരമില്ലാത്തതിന്‍റെ പേരില്‍ പതിന്നാല് കമ്പനികളെ യൂ ലിപ് ഓഹരികള്‍ വില്‍ക്കുന്നതില്‍ നിന്നും സെബി വിലക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :