സെബിയുടെ വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2010 (20:47 IST)
PRO
യൂലിപ് പോളിസികള്‍ വില്‍ക്കുന്നതില്‍ നിന്നും രാജ്യത്തെ പതിന്നാല് ഇന്‍ഷുറന്‍സ് കമ്പനികളെ വിലക്കിയ നടപടി സെബി പിന്‍വലിച്ചു. ധനമന്ത്രാ‍ലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. വിലക്ക് പിന്‍വലിച്ചതോടെ നിക്ഷേപകര്‍ക്ക് തുടര്‍ന്നും യൂലിപ് പോളിസികളില്‍ പണമിടപാട് നടത്താം.

ഇന്‍ഷുറന്‍സ് നിയന്ത്രകരായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും ഓഹരി വിപണിയുടെ ചുമതലയുള്ള സെബിയും തമ്മിലുള്ള പരസ്യമായ പോരിലേക്ക് സംഭവം എത്തിയതോടെയാണ് ധനമന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്. ധനമന്ത്രി പ്രണബ് മുഖര്‍ജി മുന്‍കയ്യെടുത്താണ് യോഗം വിളിച്ചത്.

വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായെന്നും വിഷയം തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പരിഹരിക്കുമെന്നും പ്രണബ് മുഖര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിലക്ക് പൊതുജന താല്‍പര്യത്തിനെതിരാണെന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതാണെന്നും കാട്ടി നിര്‍ദ്ദേശം അവഗണിക്കാന്‍ കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെബിയുടെ വിലക്ക് നിലവില്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര ധനമന്ത്രാലയം പ്രശ്നത്തില്‍ ഇടപെടണമെന്ന് ഏതാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. എസ്ബിഐ ലൈഫ്, ടാറ്റ എഐജി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ പതിന്നാല് കമ്പനികളെയാണ് സെബി ഓഹരിയധിഷ്ഠിത പോളിസികള്‍ (യൂലിപ്)വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :