14 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സെബിയുടെ വിലക്ക്

മുംബൈ| WEBDUNIA| Last Modified ശനി, 10 ഏപ്രില്‍ 2010 (12:34 IST)
PRO
രാജ്യത്തെ പതിന്നാല് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി)വിലക്ക്. തങ്ങളുടെ അംഗീകാരം ഇല്ലാതെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്രൊഡക്ടുകള്‍ വിറ്റഴിച്ചു എന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഹരി വിപണിയുടെയും മ്യൂച്ചല്‍ ഫണ്ടിന്‍റെയും നിയന്ത്രകരായ സെബിയും ഇന്‍ഷുറന്‍സ് നിയന്ത്രകരായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയും (ഐ‌ആര്‍‌ഡി‌എ) തമ്മിലുള്ള പരസ്യമായ പോരിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്. ഒപ്പം യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കൂടുതല്‍ തര്‍ക്കങ്ങളിലേക്കും നീങ്ങുകയാണ്.

വിലക്ക് നേരിടുന്നവരില്‍ എസ്ബിഐ ലൈഫ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, ടാറ്റ എഐജി തുടങ്ങി രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടും. വിലക്കിനെതിരെ കോടതിയെ സമീപിക്കാനും ചില കമ്പനികള്‍ നീക്കം നടത്തുന്നുണ്ട്. പ്രശ്നത്തില്‍ ധനകാര്യമന്ത്രാലയം ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

മ്യൂച്ചല്‍ ഫണ്ട് രീതിയിലുള്ള പ്രൊഡക്ടുകള്‍ക്ക് പണം സ്വരൂപിക്കുന്നതില്‍ നിന്നാണ് സെബി കമ്പനികളെ വിലക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അംഗീകാരം സെബിയില്‍ നിന്ന് നേടുന്നത് വരെ ഈ ലക്‍ഷ്യത്തോടെ എന്തെങ്കിലും വാഗ്ദാന പത്രമോ പരസ്യമോ ബ്രോഷറുകളോ പുറത്തിറക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിക്ഷേപ സ്വഭാവമുള്ള പ്രോഡക്ടുകള്‍ തങ്ങളുടെ അനുമതിയില്ലാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വില്‍ക്കുന്നതിനെ ഏതാനും നാളുകള്‍ക്ക് മുമ്പ് സെബി ചോദ്യം ചെയ്തിരുന്നു. നിക്ഷേപ സ്വഭാവമുള്ള പ്രോഡക്ടുകള്‍ വിപണനം ചെയ്യാന്‍ ഇന്‍ഷുറന്‍സ് നിയമം അനുവദിക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികളും മറുപടി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :