സെബിയുടെ വിലക്ക് അവഗണിക്കാന്‍ നിര്‍ദ്ദേശം

മുംബൈ| WEBDUNIA| Last Modified ഞായര്‍, 11 ഏപ്രില്‍ 2010 (12:09 IST)
PRO
ഓഹരിയധിഷ്ഠിത ഇന്‍ഷുറന്‍സ് പോളിസികള്‍ (യൂലിപ്) വില്‍ക്കുന്നതിനെതിരെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രകരായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെബിയുടെ വിലക്ക് പൊതുജന താല്‍‌പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐആര്‍ഡി‌എയുടെ നിര്‍ദ്ദേശം. സെബിയും ഐആര്‍ഡി‌എയും തമ്മിലുള്ള പോര് രൂക്ഷമാക്കുന്നതാണ് ഈ നിര്‍ദ്ദേശം.

സെബിയുടെ വിലക്കിന് തെറ്റിദ്ധരിച്ചുള്ളതാണെന്നും ന്യായീകരണമില്ലെന്നും ഐആര്‍ഡി‌എ ചെയര്‍മാന്‍ ജെ ഹരി നാരായണ്‍ ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും ധനസ്ഥിരതയും നിര്‍ദ്ദേശം അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂലിപ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടര്‍ന്നും വിപണനം ചെയ്യാനും ഐആര്‍ഡി‌എ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിയന്ത്രണം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിക്കാണ്. ഓഹരിയധിഷ്ഠിത പോളിസികള്‍ വില്‍‌ക്കുന്നതിന് തങ്ങളുടെ അംഗീകാരം വേണമെന്നാണ് ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിലപാട്.

ഇക്കാര്യം നേരത്തെ തന്നെ സെബി ഉന്നയിച്ചിരുന്നെങ്കിലും ഇന്‍ഷുറന്‍സ് ആക്ടില്‍ ഇത്തരം നിക്ഷേപാധിഷ്ഠിത പോളിസികള്‍ വില്‍ക്കാന്‍ അനുവാദമുണ്ടെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ സെബിയുടെ വാദം അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ പതിന്നാല് ഇന്‍ഷുറന്‍സ് കമ്പനികളെ യൂലിപ് ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതില്‍ നിന്ന് സെബി വിലക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :