സെബിയുടെ വിലക്ക്: ധനമന്ത്രാലയം ഇടപെടുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2010 (13:35 IST)
PRO
യൂലിപ് പോളിസികള്‍ വില്‍ക്കുന്നതില്‍ നിന്നും രാജ്യത്തെ പതിന്നാല് ഇന്‍ഷുറന്‍സ് കമ്പനികളെ വിലക്കിയ സെബിയുടെ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയം ഇടപെടുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.

വിലക്ക് പൊതുജന താല്‍പര്യത്തിനെതിരാണെന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതാണെന്നും കാട്ടി നിര്‍ദ്ദേശം അവഗണിക്കാന്‍ ഇന്‍ഷുറന്‍സ് മേഖലയുടെ നിയന്ത്രണച്ചുമതലയുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്‌മെന്‍റ് അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ രണ്ട് നിര്‍ദ്ദേശങ്ങളും പരിശോധിക്കുമെന്നും ഇതിന് ശേഷമാകും വിഷയം ചര്‍ച്ച ചെയ്യുകയെന്നും അശോക് ചൌള അറിയിച്ചു.

സെബിയുടെ വിലക്ക് നിലവില്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര ധനമന്ത്രാലയം പ്രശ്നത്തില്‍ ഇടപെടണമെന്ന് ഏതാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം സെബിയും ഐആര്‍ഡി‌എയും തമ്മിലുള്ള പരസ്യമായ പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.

എസ്ബിഐ ലൈഫ്, ടാറ്റ എഐജി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ തുടങ്ങി രാജ്യത്തെ പ്രമുഖ പതിന്നാല് കമ്പനികളെയാണ് സെബി ഓഹരിയധിഷ്ഠിത പോളിസികള്‍ (യൂലിപ്)വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :