കണ്ടകശ്ശനി, അഷ്‌ടമശ്ശനി, ഏഴരശ്ശനി എന്നിവയാണോ പ്രശ്‌നം, എങ്കിൽ ഈ ദിനം നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ടുവരും

ഈ ദിനം നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ടുവരും

Rijisha M.| Last Modified ചൊവ്വ, 15 മെയ് 2018 (15:26 IST)
ഇന്നാണ് ശനിദേവന്റെ ജന്മദിനം അഥവാ ശനിജയന്തി. വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. സൂര്യപുത്രനായ ശനി ആയുസ്സിന്റെ കാരകനാണ്. ജന്മദിനത്തിൽ എല്ലാവരേയും പോലെ ശനി ദേവനും വളരെ സന്തോഷത്തിലായിരിക്കും. അതിനാൽ തന്നെ ഇന്ന് നാം ചെയ്യുന്ന പൂജയും ജപങ്ങളും പ്രാർത്ഥനകളും ഫലപ്രാപ്‌തിയിൽ എത്തിച്ചേരും എന്നതാണ് വിശ്വാസം.

ജാതകപ്രകാരം ശനിദോഷമുള്ളവരും ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്‌ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവർക്കും ദോഷപരിഹാരത്തിന് ഉത്തമമായ ദിനമാണ് ശനിജയന്തി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാകുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷസമയത്ത് മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം തുടങ്ങിയവയെല്ലാം സംഭാവിക്കാനിടയുണ്ട്. ഏറ്റവും കൂടുതലായി ബാധിക്കുന്നത് തൊഴിലിനെ ആയിരിക്കും. അതുകൊണ്ടുതന്നെ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുമ്പോൾ ശനി ജയന്തിയാണ് ഉത്തമദിനം.

നവഗ്രഹ പ്രതിഷ്‌ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി ശക്‌തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുന്നതും നല്ലതാണ്. ശനിയുടെ അധിദേവതയായ ശാസ്‌താക്ഷേത്ര ദർശനവും ഉത്തമഫലം നൽകും. ശനിദേവന്റെ വാഹനമായ കാക്കയ്‌ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്‌ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നല്ലതാണ്. കഴിയുന്നത്രയും ശനീശ്വരസ്‌തോത്രം, ശാസ്‌താമന്ത്രം എന്നിവ ജപിക്കുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :