ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ശ്രദ്ധിക്കാന്‍ പലകാര്യങ്ങളുണ്ട്. ചര്‍മ്മത്തിന്റെ നിറം, ലിപ്സ്റ്റിക്കിന്റെ ഗുണമേന്മ അങ്ങിനെ പലകാര്യങ്ങളും. എന്നാല്‍, ലിപ്സ്റ്റിക് സ്ത്രീ സൌന്ദര്യത്തിനെ ജ്വലിപ്പിക്കാന്‍ മാത്രമല്ല സ്ത്രീകളുടെ ലോല വികാരങ്ങളെ വെളിപ്പെടുത്താനും ഉപയോഗിക്കാം എന്നാണ് ഒരു വിദേശ കമ്പനി പറയുന്നത്.
പങ്കാളികളോട് സെക്സിനെ കുറിച്ച് തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് പൊതുവെ മടിയായിരിക്കും. അവര്‍ക്ക് ആ നിമിഷങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പങ്കാളിയെ എങ്ങനെ അറിയിക്കും? ഇനി ആരും ഇക്കാര്യം ആലോചിച്ച് തലപുണ്ണാക്കണ്ട എന്നാണ് കലിഫോര്‍ണിയയിലെ സൌന്ദര്യവര്‍ദ്ധക സാമഗ്രികളുടെ നിര്‍മ്മാതാക്കളായ “ടൂ ഫേസ്ഡ്” പറയുന്നത്.
“ടൂ ഫേസ്ഡ്” പുറത്തിറക്കിയ പുതിയ ലിപ്സ്റ്റിക് അതിലോലമായ ആഗ്രഹങ്ങള്‍ പങ്കാളിക്കു മുന്നില്‍ പറയാതെ പറയും! കൂട്ടുകാരിയുടെ ലിപ്സ്റ്റിക്കിന്റെ നിറം മാറിമറിയുന്നത് മാത്രം ശ്രദ്ധിച്ചാല്‍ പങ്കാളിക്ക് അവള് ആഗ്രഹിക്കുന്നത് എന്താണെന്ന് മനസ്സിലാവും. അതായത്, സെക്സിനുള്ള താല്പര്യമുണരുമ്പോള് പുതിയ ലിപ്സ്റ്റിക്കിന്റെ നിറം കടും ചുവപ്പായിമാറും! എന്നാല്‍, ഇത് അണിയുന്ന സമയത്ത് ഇളം നിറത്തിലായിരിക്കുകയും ചെയ്യും.
പ്രശസ്ത ഗായിക കാറ്റി പെറി അടക്കമുള്ളവര്‍ ഈ പുതിയ ലിപ്സ്റ്റിക്കിന്റെ ആരാധകരായി മാറിയിരിക്കുകയാണെന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഒരു ട്യൂബിന് 18.50 ഡോളര്‍ വിലയുള്ള ഈ ലിപ്സ്റ്റിക് എല്ലാ ദിവസവും ഉപയോഗിച്ചാലും പ്രശ്നമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. കാരണം, മൂഡ് മാറുന്നത് സഹയാത്രികരോ സഹപ്രവര്‍ത്തകരോ അറിയേണ്ടതില്ലല്ലോ!
സ്ത്രീകളുടെ വൈകാരിക വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ലിപ്സ്റ്റിക് നിറം മാറുന്നതും അതുവഴി സെക്സ് ആഗ്രഹിക്കുന്നോ എന്ന് വെളിപ്പെടുത്തുന്നതും.