ദലാല്‍ സ്ട്രീറ്റില്‍ ബജറ്റിന്‍റെ ആഘോഷം

മുംബൈ| WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (17:38 IST)
PRO
ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‍സഭയില്‍ അവതരിപ്പിച്ച ബജറ്റ് ആഭ്യന്തര ഓഹരി വിപണികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ബജറ്റിന്‍റെ പ്രതിഫലനം സെന്‍സെക്സിലും നിഫ്റ്റിയിലും പ്രകടമായി.

ഒരു ഘട്ടത്തില്‍ ബി‌എസ്‌ഇ സൂചിക 400 പോയന്‍റില്‍ കൂടുതല്‍ ഉയര്‍ന്നു. എങ്കിലും വ്യാപാരവസാനത്തില്‍ നേരിട്ട ആലസ്യം സൂചിക ഇടിയാന്‍ കാരണമായി. സെന്‍സെക്സ് 175 പോയിന്‍റ് ഉയര്‍ന്ന് 16,430 എന്ന നിലയിലാണ് അവസാന സെഷനില്‍ വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 63 പോയന്‍റ് ഉയര്‍ച്ചയില്‍ 4,922 എന്ന നിലയില്‍ വിപണി ക്ലോസ് ചെയ്തു.

സാമ്പത്തിക കമ്മി കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ബജറ്റിലെ വാഗ്ദാനമാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നത്. 2011 സാമ്പത്തിക വര്‍ഷം ധനക്കമ്മി നിലവിലെ 6.9 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായും 2012 സാമ്പത്തിക വര്‍ഷം 4.8 ശതമാനമായും കുറയ്ക്കാനാകുമെന്നാണ് മുഖര്‍ജി സൂചിപ്പിച്ചത്.

വാഹന ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റാ മോട്ടോഴ്സ് 6.3 ശതമാനവും ബജാജ് ഓട്ടോ ആറ് ശതമാനവും മഹീന്ദ്ര ആന്‍റ് മഹീന്ദ്ര അഞ്ച് ശതമാനവും മാരുതി 4.4 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റല്‍, റിയാലിറ്റി ഓഹരികളും ഇന്ന് നേട്ടം കണ്ടു. ഹിന്‍ഡാല്‍കോ (5.3%), സെസാ ഗോവ (5.4%), ടാറ്റാ സ്റ്റീല്‍ (1.1%), ലാന്‍‌കോ ഇന്‍ഫ്രാ (3%), ഗാമോണ്‍ ഇന്ത്യ (2.2%) തുടങ്ങിയവയുടെ ഓഹരി മൂല്യം ഇന്നത്തെ വ്യാപാരത്തില്‍ ഉയര്‍ന്നു.

ബാങ്കിംഗ് മേഖലയിലും മുന്നേറ്റം പ്രകടമാകാതിരുന്നില്ല. എസ്ബിഐ 3.2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയുടെ ഓഹരി മൂല്യം യഥാക്രമം 2.4 ശതമാനവും ഒരു ശതമാനവും ഉയര്‍ന്നു. എണ്ണ ഇതര ഉല്‍‌പന്നങ്ങളുടെ എക്സൈസ് നികുതി ഉയര്‍ത്തിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (1.4%) അടക്കമുള്ളവയുടെ ഓഹരി മൂല്യം ഉയര്‍ത്തി.

അതേസമയം സിഗരറ്റ് നിര്‍മാതാക്കളായ ഐടിസിക്ക് ആറ് ശതമാനം നഷ്ടം നേരിട്ടു. ടാറ്റാ പവറിന്‍റെ ഓഹരി മൂല്യത്തിലും നേരിയ ഇടിവുണ്ടായി. മൊത്തം വ്യാപാരം നടന്ന 2,874 ഓഹരികളില്‍ 1,848 എണ്ണം നേട്ടം കണ്ടപ്പോള്‍ 942 എണ്ണം നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :