മദനിയുടെ മൊഴിയെടുക്കല്‍ 29ന്

കോയമ്പത്തൂര്‍| PRATHAPA CHANDRAN|
PRO
കോയമ്പത്തൂര്‍ പ്രസ് ക്ലബിന് സമീപം ബോംബ് വെച്ച കേസില്‍ മൊഴിയെടുക്കാന്‍ അബ്ദുല്‍നാസര്‍ മദനിയെ കോടതിയില്‍ ഹാജരാക്കുന്നത് ഒക്ടോബര്‍ 29ലേക്ക് മാറ്റി. തീവ്രവാദ കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മദനിയുമായി തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ കഴിയാതെ വന്നതിനേത്തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി മദനിയോട് ഒക്ടോബര്‍ 29ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ബാംഗ്ലൂരില്‍ ഉണ്ടായ സ്ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മദനിയെ തിങ്കളാഴ്ച വിമാനമാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചിലകാരണങ്ങളാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബാംഗ്ലൂരിലെ ജയിലില്‍ നിന്നും മദനിയുടെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന കാരണത്താല്‍ മദനി വീഡിയോ കോണ്‍ഫറന്‍സിന് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മദനിയുടെ മൊഴിയെടുക്കുന്നത് ഒക്ടോബര്‍ 29ലേക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്. ആ ദിവസം മദനിയെ നേരിട്ട് ഹാജരക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദനിയുടെ ആരോഗ്യനില മോശമായതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് നടപടി തുടങ്ങുമെന്ന് നേരത്തെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി, എസ് ഐ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ പിന്നീട് മദനിയുടെ അഭിഭാഷകന്‍, മദനിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

മദനിയെ ജയിലില്‍ നിന്ന് പുറത്ത് കൊണ്ട് പോകുമ്പോഴും തിരിച്ച് കൊണ്ടുവരുമ്പോഴും ആരോഗ്യനില പരിശോധിക്കണം, മദനിയുടെ സുരക്ഷ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിര്‍വഹിക്കണം തുടങ്ങിയ നിബന്ധനകള്‍ അപ്രായോഗികമായതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

കോയമ്പത്തൂര്‍ പ്രസ്ക്ലബ്ബിനു പുറത്ത്‌ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചുവെന്ന കേസിലാണ്‌ മദനിക്കെതിരെ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത ലഷ്കര്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മദനിയെ കേസില്‍ പ്രതിയാക്കിയത്.

കോടതിയുടെ വാറണ്ട്‌ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂര്‍ ജയിലധികൃതര്‍ക്ക്‌ കൈമാറിയിരുന്നു. ജയിലില്‍ എത്തിയ അന്വേഷണ സംഘം മദനിയുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ കാണാന്‍ ചെന്ന ഭാര്യ സൂഫിയയെ അധികൃതര്‍ അപമാനിച്ചതിലുള്ള പ്രതിഷേധമാണു ബോംബ് വയ്ക്കാന്‍ കാരണമെന്നാണ് അന്വേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ്, കൊച്ചി കാക്കനാട് സ്വദേശി ഷബീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സൂഫിയയെയും ചോദ്യം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :